കാനഡയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് വിസയില്ലാതെ അമേരിക്കയില്‍ കൂടുതല്‍ കാലം താമസിക്കാന്‍ കഴിയുന്ന തരത്തിലുള്ള നിയമത്തിന് ഉടന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ബില്‍ യുഎസ് ഹൗസ് ഓഫ് റെപ്രസെന്ററ്റീവ്‌സില്‍ അവതരിപ്പിച്ചു. ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രതിനിധി എലിസ് സ്റ്റെഫാനിക്, ഫ്‌ളോറിഡയില്‍ നിന്നുള്ള ലോറല്‍ ലീ, അരിസോനയില്‍ നിന്നുള്ള ഗ്രെഗ് സ്റ്റാന്റണ്‍ എന്നിവര്‍ സംയുക്തമായി അവതരിപ്പിച്ച ബില്‍, നിലവില്‍ വിസയില്ലാതെ കനേഡിയന്‍ പൗരന്മാര്‍ക്ക് താമസിക്കാവുന്ന 180 ദിവസത്തെ പരിധി 240 ദിവസമായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്.
ഏപ്രില്‍ അവസാനം അവതരിപ്പിച്ച 'കനേഡിയന്‍ സ്‌നോബേര്‍ഡ് വിസ ആക്ട് പ്രകാരം' കാനഡയില്‍ സ്ഥിരമായ വീടുള്ളതും അമേരിക്കയില്‍ വാടകയ്‌ക്കെടുത്തതോ ആയ താമസസ്ഥലമുള്ള 50 വയസ്സിന് മുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്കാണ് ദീര്‍ഘകാല താമസ സൗകര്യം അനുവദിക്കുക എന്നാണ് സൂചന. അമേരിക്കയില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന കനേഡിയന്‍ പൗരന്മാര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യുകയും അവരുടെ രജിസ്‌ട്രേഷന്‍ രേഖകള്‍ എപ്പോഴും കൈവശം വെക്കുകയും ചെയ്യണമെന്ന പുതിയ നിയമം അമേരിക്ക നടപ്പാക്കുന്നതിനിടയിലാണ് ഇത്തരമൊരു പ്രധാന ബില്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.