സമാധാനം പുലരുമോ? പുടിൻ്റെ നിർദ്ദേശം സ്വാഗതം ചെയ്ത് ട്രംപും സെലൻസ്കിയും, വ്യാഴാഴ്ച കൂടിക്കാഴ്ചക്ക് സാധ്യത

By: 600007 On: May 12, 2025, 4:50 AM

 

 

മോസ്കോ: റഷ്യ - യുക്രൈൻ യുദ്ധത്തിൽ സമാധാന സന്ദേശം പങ്കുവച്ച പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന്‍റെ നിർദ്ദേശത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും യുക്രൈൻ പ്രസിഡന്‍റ് വ്ലാഡ്മി‍ർ സെലൻസ്കിയുടെയും പച്ചക്കൊടി. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചയ്ക്കുള്ള പുടിന്റെ ക്ഷണം യുക്രൈൻ പ്രസിഡന്‍റ് സ്വീകരിച്ചു. വ്യാഴാഴ്ച ഇസ്താംബൂളിൽ നേരിട്ടുള്ള കൂടിക്കാഴ്ചയാകാമെന്ന് സെലൻസ്കി വ്യക്തമാക്കിയതായാണ് വിവരം. ചർച്ചയ്ക്കുള്ള പുടിന്‍റെ ക്ഷണം സ്വീകരിച്ചത് ട്രംപ് കൂടി ആവശ്യപ്പെട്ടതിന് പിന്നാലെയാണെന്നാണ് വ്യക്തമാകുന്നത്.

യുക്രൈനുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തയ്യാറെന്ന് ഇന്നലെ രാത്രി ടെലിവിഷനിലൂടെയാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ വ്യക്തമാക്കിയത്. നേരിട്ടുള്ള സമാധാന ചര്‍ച്ച എന്ന നിര്‍ദേശത്തെ യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കി സ്വാഗതം ചെയ്തതോടെ മേഖലയിൽ സമാധാനം പുലരാനുള്ള സാധ്യതകളാണ് കാണുന്നത്. മുന്‍ ഉപാധികള്‍ ഇല്ലാതെ നേരിട്ടുള്ള സമാധാന ചര്‍ച്ചകള്‍ക്ക് യുക്രൈന്‍ തയ്യാറാകണമെന്നാണ് പുടിന്‍ ടെലിവിഷന്‍ അഭിസംബോധനയിലൂടെ പറഞ്ഞത്.

പുടിന്‍റെ നിർദ്ദേശം സ്വാഗതം ചെയ്തെങ്കിലും ഏതൊരു യുദ്ധം നിര്‍ത്തുന്നതിലെയും ആദ്യ നടപടി വെടിനിര്‍ത്തലാണെന്നും അതിന് റഷ്യ തയ്യാറാകണമെന്നും സെലൻസ്കി അഭിപ്രായപ്പെട്ടു. റഷ്യ ഉടൻ തന്നെ സമ്പൂര്‍ണവും നീണ്ടുനില്‍ക്കുന്നതും വിശ്വാസയോഗ്യവുമായ വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു