കാനഡ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിന് മുന്നിൽ ഹാജരായി ഇറാൻ റോഡ് മന്ത്രാലയത്തിലെ മുൻ ഡയറക്ടർ ജനറൽ

By: 600110 On: May 10, 2025, 3:39 PM

രാജ്യത്ത് തങ്ങുന്ന ഉന്നത റാങ്കിലുള്ള ഇറാനിയൻ ഉദ്യോഗസ്ഥരെ പുറത്താക്കാനുള്ള കാനഡ സർക്കാരിൻ്റെ ശ്രമങ്ങൾ തുടരുന്നതിനിടെ, ഇറാൻ റോഡ് മന്ത്രാലയത്തിലെ മുൻ ഡയറക്ടർ ജനറൽ വ്യാഴാഴ്ച ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിന് മുന്നിൽ ഹാജരായി. ഇറാനിയൻ റോഡ് മന്ത്രാലയത്തിലെ മുൻ ഡറക്ടർ ജനറലായ അഫ്ഷിൻ പിർനൂൺ ആണ് ഹാജരായത്.

2022ലാണ് കനേഡിയൻ സർക്കാർ ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥരെ രാജ്യത്ത് നിന്ന് വിലക്കുന്നതായും നിലവിലുള്ളവരെ നാടുകടത്തുമെന്നും പ്രഖ്യാപിച്ചത്. ടെഹ്‌റാനിൽ സ്ത്രീകളുടെ അവകാശ പ്രകടനങ്ങളെ ക്രൂരമായി അടിച്ചമർത്തുന്നതിനും ഹമാസ്,ഹിസ്ബുള്ള, യെമനിലെ ഹൂത്തികൾ തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകൾക്ക് സഹായം നല്കുന്നതിനുമായിരുന്നു നടപടി. ഇതേ തുടർന്ന് കാനഡയിൽ ദീർഘ കാലമായി തങ്ങുന്ന ഡസൻ കണക്കിന് ഇറാനിയൻ ഉദ്യോഗസ്ഥർക്കെതിരെ ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റ് അന്വേഷണം ആരംഭിച്ചു. അന്ന് കണ്ടെത്തിയവരിൽ ഒരാളാണ് അഫ്ഷിൻ പിർനൂൺ.

ഇപ്പോൾ ഉബർ ഡ്രൈവറായി ജോലി ചെയ്യുന്ന പിർനൂൺ, 22 വർഷത്തോളം ഇറാനിയൻ സർക്കാരിനായി ജോലി ചെയ്തിട്ടുണ്ട്.എന്നാൽ സർക്കാരിന് വേണ്ടി ജോലി ചെയ്തിട്ടുണ്ടെന്ന് കരുതി, താൻ സർക്കാരിനെ പിന്തുണയ്ക്കുന്നു എന്നർത്ഥമില്ലെന്ന് പിർനൂൻ പറഞ്ഞു.ഇവിടെ താമസിക്കാൻ തുടങ്ങിയതു മുതൽ കനേഡിയൻ സമൂഹത്തിലെ ഒരു നല്ല പൗരനായി മാറാൻ താൻ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും പിർനൂൻ പറഞ്ഞു. എന്തായാലും പിർനൂണിൻ്റെ കേസിൽ ഈ വർഷം ഒരു തീരുമാനം ഉണ്ടാകാൻ സാധ്യതയില്ല. ഇത് വരെ ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ മാത്രമാണ് മടക്കി അയച്ചിട്ടുള്ളത്.