കനേഡിയന്‍ എയര്‍ലൈനായ വെസ്റ്റ്ജെറ്റ് തങ്ങളുടെ ബിസിനസിലെ കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഓഹരികള്‍ അമേരിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള രണ്ട് ലോങ്ടൈം പാര്‍ട്ണേഴ്സിന് വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഡെല്‍റ്റ എയര്‍ലൈന്‍സും കൊറിയന്‍ എയര്‍ലൈന്‍സും ചേര്‍ന്നാണ് വെസ്റ്റ്ജെറ്റിന്റെ ഓഹരികള്‍ വാങ്ങുന്നത്. ഇക്കാര്യം വെസ്റ്റ്ജെറ്റ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഡെല്‍റ്റ എയര്‍ലൈന്‍സും കൊറിയന്‍ എയര്‍ലൈന്‍സും ചേര്‍ന്ന് 550 മില്യണ്‍ യുഎസ് ഡോളറിന് 25 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുമെന്ന് വെസ്റ്റ്ജെറ്റ് അറിയിച്ചു. ബാങ്ക് ഓഫ് കാനഡ കറന്‍സി കണ്‍വെര്‍ട്ടര്‍ പ്രകാരം, മെയ് 9 വെള്ളിയാഴ്ച വരെ ഏകദേശം 766 മില്യണ്‍ കനേഡിയന്‍ ഡോളറാണ് ഓഹരി തുക.
ടൊറന്റോ ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഒനെക്സ് പാര്‍ട്ണേഴ്സ്, അഫിലിയേറ്റഡ്, കോ-ഇന്‍വെസ്റ്റേഴ്സ് എന്നിവര്‍ വെസ്റ്റ്ജെറ്റിലെ ന്യൂനപക്ഷ ഇക്വിറ്റി ഓഹരികള്‍ വില്‍ക്കുന്നുണ്ട്. കാനഡയിലെ രണ്ടാമത്തെ വലിയ എയര്‍ലൈനിനുള്ള അംഗീകാര മുദ്രയാണ് ഈ ഓഹരി വില്‍പ്പനയെന്ന് കമ്പനി സിഇഒ അലക്സിസ് വോണ്‍ ഹോന്സ്ബ്രൂച്ച് പറഞ്ഞു.
15 ശതമാനം ഓഹരി സ്വന്തമാക്കാന്‍ ഡെല്‍റ്റ 330 മില്യണ്‍ യുഎസ് ഡോളര്‍(459.6 മില്യണ്‍ കനേഡിയന്‍ ഡോളര്‍) നല്‍കും. അതേസമയം, 10 ശതമാനം ഓഹരിക്ക് കൊറിയന്‍ എയര്‍ 220 മില്യണ്‍ യുഎസ് ഡോളര്‍(306 മില്യണ്‍ കനേഡിയന്‍ ഡോളര്‍) നിക്ഷേപിക്കും.