ടൊറൻ്റോയ്ക്കും നയാഗ്ര മേഖലയ്ക്കും ഇടയിൽ ഒരു ഹോവർക്രാഫ്റ്റ് സർവീസ് ഉടൻ തുടങ്ങുമെന്ന് റിപ്പോർട്ട്. ഗതാഗതം പുനരാരംഭിക്കുന്നതിനുള്ള പ്രധാന തടസ്സം നീക്കിയതായി ഹോവർ ക്രാഫ്റ്റ് സർവ്വീസ് തുടങ്ങാൻ ലക്ഷ്യമിടുന്ന കമ്പനി അറിയിച്ചു. പോർട്ട്സ് ടൊറൻ്റോയുമായുള്ള പുതിയ കരാറിൻ്റെ ഫലമായി ബില്ലി ബിഷപ്പ് വിമാനത്താവളത്തിൽ നിന്ന് സെൻ്റ് കാതറൈൻസിലെ പോർട്ട് വെല്ലറിലേക്കാണ് ഉടൻ സർവ്വീസ് തുടങ്ങുക.
നയാഗ്രയിലെ സൈറ്റ് ഇതിനകം തന്നെ തയ്യാറായിരിക്കുന്നതിനാൽ, ഒരു പ്രധാന തടസ്സം നീങ്ങിയതായി കമ്പനി അധികൃതർ പറഞ്ഞു. ടൊറൻ്റോയ്ക്കും നയാഗ്രയ്ക്കും ഇടയിൽ വെറും 30 മിനിറ്റിനുള്ളിൽ എത്തിച്ചേരാൻ ഇതിലൂടെ കഴിയും. 180 യാത്രക്കാരെ വരെ വഹിക്കാൻ, ഈ അതിവേഗ സർവീസിന് കഴിയുമെന്നും കമ്പനി പറയുന്നു. വാഹനമോടിച്ച് എത്താൻ കഴിയുന്ന സമയത്തിൻ്റെ പകുതിയിൽ താഴെ മാത്രമാണിത്. കാലാവസ്ഥയോ സീസണോ പരിഗണിക്കാതെ ഇതിന് പ്രവർത്തിക്കാൻ കഴിയുമെന്ന് കമ്പനി കൂട്ടിച്ചേർക്കുന്നു. 2023-ലെ വേനൽക്കാലത്ത് സേവനം ആരംഭിക്കാനുള്ള പദ്ധതികൾ ഹോവർലിങ്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ പ്രോജക്റ്റിലെ ചില സങ്കീർണ്ണതകൾ കാരണം പദ്ധതി വൈകുകയായിരുന്നു. വടക്കേ അമേരിക്കയിലെ ആദ്യത്തെ വലിയ രീതിയിലുള്ള ഹോവർക്രാഫ്റ്റ് ട്രാൻസിറ്റ് റൂട്ടിനാണ് പുതിയ സർവ്വീസിലൂടെ തുടക്കമാവുക.