അപ്രതീക്ഷിത രാജിപ്രഖ്യാപനവുമായി യുക്കോൺ പ്രീമിയർ രഞ്ജ് പിള്ള

By: 600110 On: May 9, 2025, 12:46 PM

 

യുക്കോൺ പ്രീമിയർ രഞ്ജ് പിള്ള രാജി പ്രഖ്യാപിച്ചു. ബുധനാഴ്ച അപ്രതീക്ഷിത നീക്കത്തിലൂടെയായിരുന്നു രാജി പ്രഖ്യാപനം. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതുവരെ താൻ തുടരുമെന്നും രഞ്ജ് പിള്ള വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി എന്ന നിലയിലുള്ള തൻ്റെ രണ്ട് വർഷത്തെ സേവനത്തെ, ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതി എന്നാണ് പിള്ള വിശേഷിപ്പിച്ചത്. 

ഈ വർഷം അവസാനം യൂക്കോൺ ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. നിയമപ്രകാരം യൂക്കോണിലെ  തിരഞ്ഞെടുപ്പ് നവംബർ 3 ന് മുമ്പ് നടത്തണം. 2023 ജനുവരി മുതൽ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു രഞ്ജ് പിള്ള . മുൻ പ്രധാനമന്ത്രി സാൻഡി സിൽവർ രാജിവച്ചതിനെത്തുടർന്നാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. ലിബറൽ നേതൃത്വത്തിലേക്ക് എതിരില്ലാതെ മത്സരിച്ചു ജയിക്കുകയായിരുന്നു അദ്ദേഹം. തന്നെ പിന്തുണച്ചതിന് കുടുംബത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ആരോഗ്യ മേഖലയിലെ സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും, യുഎസ് താരിഫുകൾ ഉയർത്തുന്ന ഭീഷണി മറികടക്കുന്നതിനുമായിരിക്കും തൻ്റെ കാലാവധിയുടെ ശേഷിക്കുന്ന കാലയളവിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം പ്രായമായ മാതാപിതാക്കൾ ഉൾപ്പെടെയുള്ള കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സായുധ സേനയിൽ, ഏതെങ്കിലും പദവിയിൽ ജോലി ചെയ്യുന്നതിനെക്കുറിച്ചും ചിന്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു