കാനഡയില്‍ രക്തത്തിനും പ്ലാസ്മയ്ക്കുമുള്ള ആവശ്യം അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 420,000 സജീവ രക്തദാതാക്കള്‍ നിലവിലുണ്ടെന്ന് കനേഡിയന്‍ ബ്ലഡ് സര്‍വീസസ് സിഇഒ ഡോ. ഗ്രഹാം ഷെര്‍ പറയുന്നു. എന്നാല്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യയും പ്രായമാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും കാരണം രക്തത്തിന്റെ ആവശ്യകതയില്‍ 10 ശതമാനം വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ പുതിയ ദാതാക്കളെ കണ്ടെത്താന്‍ പദ്ധതിയിടുന്നതായി ഏജന്‍സി വ്യക്തമാക്കി.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്ലാസ്മയുടെ ആവശ്യം കുറഞ്ഞത് 50 ശതമാനം വര്‍ധിക്കുമെന്നും ഷെര്‍ പറയുന്നു. കാനഡയില്‍ ആവശ്യത്തിന് ഇമ്യൂണോഗ്ലോബലിന് മരുന്നുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ അളവില്‍ പ്ലാസ്മ ഇല്ലാത്തതിനാല്‍ പ്ലാസ്മയുടെ ആവശ്യകത വളരെ കൂടുതലാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗപ്രതിരോധ ശേഷി കുറവുള്ള രോഗികളിലാണ് ആന്റിബോഡി ചികിത്സകള്‍ കൂടുതലായി ചെയ്തിരുന്നത്. എന്നാല്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങള്‍ ചികിത്സിക്കാന്‍ പരീക്ഷണാത്മകമായി പ്ലാസ്മ കൂടുതലായി ഉപയോഗിക്കുന്നുണ്ട്.
രക്തദാനം കുറയാനുള്ള പ്രധാനപ്പെട്ട തടസ്സങ്ങളിലൊന്ന് ദാതാക്കളുടെ സമയവും സൗകര്യവുമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍ പല സ്ഥലങ്ങളിലും ശനിയാഴ്ചകള് ഉള്‍പ്പെടെ, ബ്ലഡ് കളക്ഷന്‍ സൈറ്റുകള്‍ തുറന്നിരിക്കുന്ന സമയത്തില്‍ മാറ്റങ്ങളും വിപുലീകരണവും നടപ്പാക്കാന്‍ ഏജന്‍സി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിവിധ സമൂഹങ്ങളിലേക്ക് രക്തദാനത്തിന്റെ പ്രാധാന്യം എത്തിക്കുകയും വിശ്വാസം വളര്‍ത്തിയെടുക്കുക എന്നതും പദ്ധതിയുടെ നിര്‍ണായക ഘടകമാണെന്ന് ഷെര്‍ കൂട്ടിച്ചേര്‍ത്തു.