അജാക്‌സിലെ പിസ്സാ ഹട്ട് റസ്റ്റോറന്റില്‍ ഭക്ഷണം വിതരണം ചെയ്യാനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നത് വാഷ്‌റൂമില്‍; നടപടിയെടുക്കുമെന്ന് പിസ്സാ ഹട്ട് കാനഡ

By: 600002 On: May 9, 2025, 10:57 AM

 

 

അജാക്‌സിലെ പിസ്സാ ഹട്ട് റസ്റ്റോറന്റില്‍ ഭക്ഷണം വിതരണം ചെയ്യാനുള്ള സാധനങ്ങള്‍ സൂക്ഷിക്കുന്നത് വാഷ്‌റൂമില്‍. പിസ്സാ ഹട്ടിലെത്തിയ ഉപഭോക്താവാണ് ഇക്കാര്യം വീഡിയോയിലൂടെ വെളിപ്പെടുത്തിയത്. അതേസമയം, വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ തങ്ങളുടെ മൂല്യങ്ങള്‍ക്കെതിരാണ് ഈ പ്രവൃത്തിയെന്നും ഇതിനെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്നും പിസ്സാ ഹട്ട് കാനഡ അറിയിച്ചു. 

ടിക്ടോക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ ടോയ്‌ലറ്റിന് സമീപം സൂക്ഷിച്ചിരിക്കുന്ന പിസ്സാ ഡെലിവറി ബോക്‌സുകളും ഭക്ഷണ പാത്രങ്ങളും കാണാം. ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോള്‍ അതിലെ വെള്ളം അടുക്കിവെച്ചിരിക്കുന്ന സാധനങ്ങളിലേക്ക് തെറിക്കുമെന്ന് വീഡിയോയില്‍ ഉപഭോക്താവ് പറയുന്നതും കേള്‍ക്കാം. 

വിഷയം തങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദിയുണ്ടെന്ന് പിസ്സാ ഹട്ട് കാനഡ പറഞ്ഞു. പ്രശ്‌നം ഗൗരവമായി കാണുന്നുവെന്നും വേഗത്തില്‍ പരിഹാരം കാണുമെന്നും കമ്പനി എക്‌സ് പ്ലാറ്റ്‌ഫോമില്‍ വ്യക്തമാക്കി.

വിഷയം സംബന്ധിച്ച് കഴിഞ്ഞ വ്യാഴാഴ്ച പരാതി ലഭിച്ചതായി ഡര്‍ഹം റീജിയണ്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. തുടര്‍ന്ന് അടിയന്തര പരിശോധന നടത്തിയതായും തുടര്‍ന്ന് റസ്‌റ്റോറന്റ് അധികൃതര്‍ വാഷ്‌റൂമില്‍ നിന്നും കണ്ടെയ്‌നറുകള്‍ നീക്കം ചെയ്തതായും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ അറിയിച്ചു.