വസന്തകാലം മനോഹരമായ സീസണാണ്. നിറയെ പൂക്കളും, പച്ചപ്പും, ചൂടുള്ള കാലവസ്ഥയും ആകര്‍ഷണീയമാണ്. എന്നാല്‍ പലര്‍ക്കും ഇത് അലര്‍ജി സീസണിന്റെ തുടക്കത്തെയും സൂചിപ്പിക്കുന്നു. അലര്‍ജിയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മെയ് മാസം വെല്ലുവിളി നിറഞ്ഞതായിരിക്കും. കാനഡയില്‍ 'പൂമ്പൊടി സീസണ്' ( pollen season) മെയ് മാസത്തിലുണ്ടാകുമെന്നാണ് വിദഗ്ധര്‍ നല്കുന്ന സൂചന. അന്തരീക്ഷത്തില്‍ പറക്കുന്ന പൂമ്പൊടിയുടെ അളവ് കൂടുമ്പോള്‍ തുമ്മല്‍, മൂക്കൊലിപ്പ്, കണ്ണുകള്‍ക്ക് ചൊറിച്ചില്‍, ശ്വാസംമുട്ടല്‍, മറ്റ് അസ്വസ്ഥതകള്‍ എന്നിവ മിക്കവര്‍ക്കും അനുഭവപ്പെട്ടേക്കാം. ഓട്ടവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്റോബയോളജി റിസര്‍ച്ച് ലബോറട്ടറി രാജ്യത്തുടനീളമുള്ള 30 നിരീക്ഷണ കേന്ദ്രങ്ങളില്‍ നിന്ന് ദിവസവും പൂമ്പൊടി, ബീജ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. വായുവില്‍ പൂമ്പൊടിയുടെ അളവ് പ്രവചിക്കുന്നതിനും അലര്‍ജി സാധ്യത കണക്കാക്കാനും ഈ ഡാറ്റ ഉപയോഗിക്കുന്നു.
തങ്ങള്‍ ഇപ്പോള്‍ പ്രവചിക്കുന്നത് വസന്തകാലത്ത് വൃക്ഷങ്ങളുടെ പൂമ്പൊടിയുടെ തീവ്രമായ സീസനാണെന്ന് ഡയറക്ടര്‍ ഡാനിയേല്‍ കോട്സ് പറയുന്നു. ഈ വര്‍ഷം ആദ്യ പാദത്തിലുണ്ടാകുന്ന താപനിലയിലെ വ്യതിയാനങ്ങളാണ് പൂമ്പൊടി സീസണ് തീവ്രമാകാനുള്ള കാരണമെന്ന് കോട്സ് ചൂണ്ടിക്കാട്ടി.
ഈ സമയത്ത് പല പ്രദേശങ്ങളിലെയും മരങ്ങളില്‍ പരാഗണകാലം വളരെ കൂടുതലായിരിക്കും. കൂടാതെ, താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ ബാധിക്കുന്ന ബിര്‍ച്ച്, ആല്‍ഡര്‍, മേപ്പിള്‍, പോപ്ലര്‍, ഓക്ക് തുടങ്ങിയ മരങ്ങളില്‍ മെയ് മാസത്തില്‍ ഏറ്റവും കൂടുതല്‍ പരാഗണം നടക്കുന്നുവെന്നും കോട്സ് പറഞ്ഞു. സമ്മര്‍ സീസണ് അവസാനത്തിലും ഫാള്‍ സീസണിലും പുല്ലിന്റെയും മറ്റ് കളകളുടെയും പൂമ്പൊടിയില്‍ സാധരണയേക്കാള്‍ അല്‍പ്പം കൂടുതല്‍ അളവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അത് അലര്‍ജി ബാധിതര്‍ക്ക് അപകടസാധ്യതയുണ്ടാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍ കാനഡയില്‍ വായുവിലെ പൂമ്പൊടിയുടെ അളവ് ഇരട്ടിയായതായി കോട്സ് ചൂണ്ടിക്കാട്ടി. കാലാവസ്ഥയും പൂമ്പൊടിയുടെ അളവില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. താപനില വര്‍ധിക്കുന്നതോടെയാണ് പൂമ്പൊടികള്‍ വായുവില്‍ ഉയര്‍ന്ന അളവില്‍ കലരുന്നത്. അതിനാല്‍ ഉയര്‍ന്ന താപനിലയും പൂമ്പൊടിയുടെ അളവും തമ്മില്‍ ബന്ധമുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇതിനെ ബാധിക്കുന്നു.
മനുഷ്യ ശരീരത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന അലര്‍ജികള്‍ മുതല്‍ ജീവന് ഭീഷണിയാകുന്ന അലര്‍ജികള്‍ വരെയുണ്ട്. പൂമ്പൊടിയുടെ അളവ് കൂടുന്തോറും അലര്‍ജി സാധ്യതയും തീവ്രമാകുന്നു. നേരത്തെ അലര്‍ജിയുള്ള വ്യക്തിക്ക് പൂമ്പൊടിയുടെ അളവ് കൂടുമ്പോള്‍ ഫലം വളരെ ദോഷകരമാകുന്നുവെന്ന് അലര്ജിസ്റ്റും ക്ലിനിക്കല്‍ ഇമ്മ്യൂളജിസ്റ്റുമായ ഡോ. മറിയം ഹന്ന പറഞ്ഞു. ആസ്തമയോ, ശ്വാസനാള വീക്കമോ, മറ്റ് ശ്വാസമുട്ടലുകള് പോലുള്ളവയോ ഉള്ളവര്‍ക്ക് ഈ അലര്‍ജി സീസണ് ഏറ്റവും ബുദ്ധിമുട്ടുള്ള സമയമാണെന്നും അവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും ഡോക്ടര്‍ മറിയം ഹന്ന മുന്നറിയിപ്പ് നല്കുന്നു.