കാനഡയിലുള്ള ഐഇസി വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകര്‍ക്ക് നടപടിക്രമം ലളിതമാക്കി ഐആര്‍സിസി 

By: 600002 On: May 8, 2025, 8:15 AM

 


നിലവില്‍ കാനഡയിലുള്ള ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ(ഐഇസി) അപേക്ഷകര്‍ക്ക്, നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ ഇനി വര്‍ക്ക് പെര്‍മിറ്റുകള്‍ നേരിട്ട് മെയില്‍ വഴി അയക്കാമെന്ന് ഇമിഗ്രേഷന്‍ റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ(ഐആര്‍സിസി). പുതിയ നിയമം 2025 ഡിസംബര്‍ 1 വരെ നിലവിലുണ്ട്. ഈ മാറ്റത്തിന് മുമ്പ്, ഐആര്‍സിസി കനേഡിയന്‍ അഡ്രസുകളിലേക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ മെയില്‍ ചെയ്യില്ലായിരുന്നു. ഐഇസി വര്‍ക്ക് പെര്‍മിറ്റ് ഉടമകള്‍ പുതിയ ഐഇസി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് രാജ്യത്തിന് പുറത്തുകടന്ന് വീണ്ടും കാനഡയിലേക്ക് പ്രവേശിക്കണമായിരുന്നു. 

പുതിയ നിയമപ്രകാരം, മറ്റൊരു ഐഇസി വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷകന്‍ സാധുവായ ഐഇസി വര്‍ക്ക് പെര്‍മിറ്റുമായി കാനഡയിലായിരിക്കണം. അപേക്ഷകര്‍ക്ക് നിലവില്‍ സാധുവായ ഒരു ഐഇസി പോര്‍ട്ട് ഓഫ് എന്‍ട്രി(POE) ലെറ്റര്‍ ഓഫ് ഇന്‍ട്രോഡക്ഷന്‍(LOI) ഉണ്ടാകണം. നിലവിലുളള LOI കാലഹരണപ്പെടുന്നതിന് മുമ്പ് പുതിയ വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിച്ചിരിക്കണം. ഐഇസി വര്‍ക്ക് പെര്‍മിറ്റ് മെയില്‍ വഴി അയക്കാന്‍ അപേക്ഷിക്കുന്ന സമയത്ത് കാനഡയില്‍ സ്റ്റാറ്റസ് ഉണ്ടായിരിക്കണം. ഐഇസി വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹത നേടുന്നതിന് അപേക്ഷകന്‍ കാനഡയില്‍ നിയമപരമായ പദവി നിലനിര്‍ത്തേണ്ടതുണ്ട്. 

അതേസമയം, ഒരു വിദേശ പൗരന്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ പുതിയ ഐഇസി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കുന്നതിന് അവര്‍ കാനഡ വിട്ട് യുഎസ് അല്ലെങ്കില്‍ സെന്റ്-പിയറി-എറ്റ്-മിക്വലോണ്‍ ഒഴികെയുള്ള മറ്റൊരു രാജ്യത്ത് നിന്നോ പ്രദേശത്ത് നിന്നോ വീണ്ടും പ്രവേശിക്കണം.