കാൽഗറി ഡൗൺ ടൌണിൽ കൂടുതൽ വീടുകൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി കാൽഗറി നഗരസഭ

By: 600110 On: May 8, 2025, 7:11 AM

 

കാൽഗറി ഡൗൺ ടൌൺ കോറിൽ കൂടുതൽ വീടുകൾ നിർമ്മിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കുകയാണ് നഗരസഭ. ഇതിൻ്റെ ഭാഗമായി നഗരത്തിൻ്റെ ഹൃദയഭാഗത്ത് 1,500 വീടുകൾ കൂടി നിർമ്മിക്കും. ഡൗൺ ടൌൺ ഡെൻസിറ്റി ബോണസിംഗ് ഓഫ്‌സെറ്റ് പ്രോഗ്രാം നിർമ്മാണച്ചെലവ് കുറയ്ക്കുമെന്നും ഉയർന്ന സാന്ദ്രതയുള്ള റെസിഡൻഷ്യൽ വികസനം സാധ്യമാക്കുമെന്നും അധികൃതർ പറയുന്നു. ചെറിയ പ്രദേശത്ത് ധാരാളം ആളുകളെ ഉൾക്കൊള്ളുന്ന ഭവന പദ്ധതികളാണ് ഡൗൺ ടൌൺ ഡെൻസിറ്റി ബോണസിംഗ് ഓഫ്‌സെറ്റ് പ്രോഗ്രാം.

നഗരത്തിൽ ഉണ്ടാകുന്ന സ്ഫോടനാത്മകമായ വളർച്ചയെ തുടർന്ന്, കാൽഗറിയിൽ കൂടുതൽ വീടുകൾ നിർമ്മിക്കേണ്ടതുണ്ടെന്ന്  മേയർ ജ്യോതി ഗോണ്ടെക് പറഞ്ഞു. ഡൌൺ ടൌണിൽ നിർമ്മിക്കുന്ന വീടുകൾ താങ്ങാനാവുന്ന വിലയ്ക്ക് ലഭ്യമാക്കുമെന്നും, എല്ലാവർക്കും താമസ സൌകര്യമുള്ളൊരു നഗരം സൃഷ്ടിക്കുമെന്നും മേയർ വ്യക്തമാക്കി. അധികൃതർ പറയുന്നത് അനുസരിച്ച് ഡെൻസിറ്റി ബോണസിംഗ് എന്നത് ഒരു നഗര ആസൂത്രണ ഉപകരണമാണ്. ഇതിലൂടെ കെട്ടിട നിർമ്മാതാക്കൾക്ക് സാധാരണയായി അനുവദനീയമായതിനേക്കാൾ വലുതോ ഉയരമുള്ളതോ ആയ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതി നല്കും. ഇതിന് പകരമായി കെട്ടിട നിർമ്മാതാക്കൾ സാമൂഹിക ക്ഷേമ പദ്ധതികൾക്ക് സംഭാവന നൽകേണ്ടി വരും. 

ഡൗൺ ടൌൺ പ്രദേശങ്ങളിൽ ഉയർന്ന സാന്ദ്രതയുള്ള റെസിഡൻഷ്യൽ പ്രോജക്ടുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്ന ഡെവലപ്പർമാർക്കുള്ള സാമ്പത്തിക തടസ്സങ്ങൾ കുറയ്ക്കും വിധമാണ് പുതിയ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 
ജൂൺ 1 മുതൽ അപേക്ഷകൾ നൽകാം.