ആൻഡ്രൂ സ്‌കീറിനെ ഇടക്കാല പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത് കൺസർവേറ്റീവ് പാർട്ടി

By: 600110 On: May 7, 2025, 1:19 PM

 

ആൻഡ്രൂ സ്‌കീറിനെ കൺസർവേറ്റീവ് പാർട്ടി ഇടക്കാല പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സീറ്റ് നഷ്ടപ്പെട്ടതിനെത്തുടർന്ന് പിയറി പൊയ്‌ലിവ്രെക്ക് പാർലമെൻ്റിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കാൻ കഴിയില്ല. അതിനാൽ പാർട്ടിയെ പാർലമെൻ്റിൽ  ആൻഡ്രൂ സ്‌കീർ നയിക്കും.

സസ്‌കാച്ചെവൻ എംപിയും മുൻ പാർട്ടി നേതാവുമായ അദ്ദേഹം മെയ് 26 ന് ആരംഭിക്കുന്ന സമ്മേളനം മുതൽ ഹൗസ് ഓഫ് കോമൺസിൽ പ്രതിപക്ഷ നേതാവിൻ്റെ ചുമതലകൾ ഏറ്റെടുക്കും. കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെക്ക് ഹൗസ് ഓഫ് കോമൺസിൽ സീറ്റ് ഇല്ലാത്തതിനാലാണ് താൽക്കാലിക ചുമതല ആവശ്യമായി വരുന്നത്. 20 വർഷത്തിലേറെയായി ഒൻ്റാരിയോയിലെ കാൾട്ടണിൽ നിന്ന് മത്സരിച്ച പൊയിലീവ്രെക്ക് തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയമാണ് ഉണ്ടായത്. ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന കൺസർവേറ്റീവ് കോക്കസ് യോഗത്തിലാണ്  പൊയ്‌ലിവ്രെ പാർലമെൻ്റിലേക്ക് മടങ്ങിവരുന്നതുവരെ താൻ ആ ചുമതല ഏറ്റെടുക്കുമെന്ന് സ്കീർ പറഞ്ഞത്. ആൽബെർട്ടയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ പൊയ്‌ലിവ്രെ ഒരു സീറ്റ് തേടുമെന്നാണ് പ്രതീക്ഷ. അവിടെ പാർട്ടി നേതാവിന് വീണ്ടും മത്സരിക്കാനുള്ള അവസരം നൽകുന്നതിനായി എംപി ഡാമിയൻ കുറെക് രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതേസമയം കാനഡയിൽ നിന്ന് വേർപിരിയുക എന്ന ആശയവുമായി ബന്ധപ്പെട്ട് പുതിയ പ്രതികരണവുമായി ആൽബെർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് രംഗത്തെത്തി. ആവശ്യത്തിന് വേണ്ട പൌരന്മാരുടെ ഒപ്പുകൾ ശേഖരിച്ചാൽ പ്രവിശ്യാ വിഭജനത്തെക്കുറിച്ച് ഒരു റഫറണ്ടം നടത്തുമെന്നും സ്മിത്ത് ആവർത്തിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഫെഡറൽ സർക്കാർ ആൽബെർട്ടയ്ക്ക് വരുത്തിയ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിലാണ് തൻ്റെ ഇപ്പോഴുള്ള ശ്രദ്ധയെന്നും പ്രീമിയർ ഡാനിയേൽ സ്മിത്ത് പറഞ്ഞു.