ഓട്ടവയില്‍ പുറത്ത് പാര്‍ക്ക് ചെയ്യുന്ന പഴയ മോഡല്‍ ഹോണ്ട സിവിക് കാറുകളില്‍ നിന്നും എയര്‍ബാഗുകള്‍ മോഷണം പോകുന്നതായി റിപ്പോര്‍ട്ട്. ഈ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി ഓട്ടവ പോലീസ്. നഗരത്തിന്റെ ഈസ്റ്റ് എന്‍ഡിലാണ് മോഷണം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാഴ്ചയ്ക്കിടെ രാത്രിയില്‍ പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന സിവിക് കാറുകളില്‍ നിന്ന് ഒരു ഡസനിലധികം എയര്‍ബാഗുകള്‍ മോഷ്ടിക്കപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം, ഓരോ തവണയും എയര്‍ബാഗുകള്‍ മോഷ്ടിക്കപ്പെടുമ്പോള്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നില്ലെന്നും വാഹനത്തില്‍ നിന്ന് മറ്റ് വസ്തുക്കളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ഉടമകള്‍ പറയുന്നു.
മോഷണം നടന്ന സമയത്ത് പല കാറുകളിലും അലാറം സംവിധാനങ്ങള്‍ ഉണ്ടായിരുന്നതായും ഡോറുകള്‍ ലോക്ക് ചെയ്ത നിലയിലായിരുന്നുവെന്നും ഈസ്റ്റ് നെയ്ബര്‍ഹുഡ് റിസോഴ്‌സ് ടീം(എന്‍ആര്‍ടി)പറഞ്ഞു. എയര്‍ബാഗ് മോഷണം തടയാന്‍ ചില നിര്‍ദ്ദേശങ്ങളും സംഘം മുന്നോട്ടുവയ്ക്കുന്നുണ്ട്. നല്ല വെളിച്ചമുള്ളതും സുരക്ഷിതവുമായ സ്ഥലങ്ങളിലോ ഗ്യാരേജുകളിലോ വാഹനം പാര്‍ക്ക് ചെയ്യുക, മോഷണം തടയാന്‍ സ്റ്റിയറിംഗ് വീല്‍ ലോക്ക് ഉപയോഗിക്കുന്നത് പരിഗണിക്കുക, മോഷന്‍ ഡിറ്റക്ഷനുള്ള അലാറം സിസ്റ്റമോ ഡാഷ് ക്യാമറയോ ഇന്‍സ്റ്റാള്‍ ചെയ്യുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്.
മോഷണം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ക്രൈം സ്‌റ്റോപ്പേഴ്‌സിനെ 1-800-222-8477 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചു.