നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി രണ്ട് വാഹനങ്ങള്‍ മോഷ്ടിച്ച പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ് 

By: 600002 On: May 7, 2025, 9:35 AM

 


നോര്‍ത്ത്ഈസ്റ്റ് കാല്‍ഗറിയിലെ ഒരു വീട്ടില്‍ അതിക്രമിച്ചുകയറി രണ്ട് വാഹനങ്ങള്‍ മോഷ്ടിച്ച മൂന്ന് പ്രതികളെ തിരഞ്ഞ് കാല്‍ഗറി പോലീസ്. മാര്‍ച്ച് 31 ന് പുലര്‍ച്ചെ 3 മണിക്കും ഏഴ് മണിക്കുമിടയില്‍ ടെമ്പിള്‍ ഡ്രൈവ് നോര്‍ത്ത്ഈസ്റ്റിലെ ഒരു വീട്ടിലാണ് സംഭവം. അതിക്രമിച്ച് വീട്ടില്‍ കയറിയ മൂവര്‍ സംഘം രണ്ട് വാഹനങ്ങളുടെ താക്കോലുകള്‍ ഊരിയെടുത്ത് വാഹനങ്ങള്‍ മോഷ്ടിച്ചു. ഒരു വാഹനത്തില്‍ നിന്നും ലഭിച്ച ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് മോണ്ടെറി സ്‌ക്വയര്‍ ഷോപ്പിംഗ് സെന്ററില്‍ നിന്നും സാധനങ്ങളും വാങ്ങിയിട്ടുണ്ട്. 

മോഷണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ അതേദിവസം രാവിലെ 10.30 ഓടെ പൈനറിഡ്ജ് കമ്മ്യൂണിറ്റിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വാഹനങ്ങളില്‍ ഒന്ന് കണ്ടെത്തി. രണ്ടാമത്തെ വാഹനത്തിനായി പോലീസ് ഇപ്പോഴും തിരച്ചില്‍ നടത്തുകയാണ്. പ്രതികളെയും വാഹനത്തെയും കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചു. ചാരനിറത്തിലുള്ള 2010 മോഡല്‍ ഹോണ്ട സിആര്‍-വി കാറാണ് മോഷണം പോയത്. 

ഇരുപത് വയസ് പ്രായം തോന്നിക്കുന്നവരാണ് പ്രതികള്‍. ഇവരുടെ ചിത്രങ്ങളും പോലീസ് പുറത്തുവിട്ടു. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 403-266-1234 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.