ജൂണ്‍ പാദത്തില്‍ അമേരിക്കയിലേക്കുള്ള ഐഫോണ്‍ കയറ്റുമതി പ്രധാനമായും ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് വ്യക്തമാക്കി ആപ്പിള്‍ സിഇഒ ടിം കുക്ക്. ചൈനയ്‌ക്കെതിരെയുള്ള ട്രംപിന്റെ നികുതി യുദ്ധം, ബിസിനസ് തന്ത്രം മാറ്റാന്‍ ആപ്പിളിനെ പ്രേരിപ്പിച്ചിരിക്കുകയാണ്. ചൈനീസ് നിര്‍മിത ഐഫോണുകള്‍ക്ക് പകരം ഇന്ത്യയില്‍ നിര്‍മിക്കുന്ന ഐഫോണുകള്‍ അമേരിക്കയില്‍ എത്തിക്കാനാണ് നീക്കം. അടുത്ത പാദത്തില്‍ അമേരിക്കയിലേക്കുള്ള ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും ഇന്ത്യയിലും വിയറ്റ്‌നാമിലുമായിരിക്കും നിര്‍മിക്കുകയെന്ന് ടിം കുക്ക് വെളിപ്പെടുത്തി.
ഐഫോണുകള്‍ ഇന്ത്യയിലും ഐപാഡ്, മാക്, ആപ്പിള്‍ വാച്ച്, എയര്‍പോഡ് എന്നിവ വിയറ്റ്‌നാമിലും നിര്‍മിച്ചാണ് അമേരിക്കയില്‍ എത്തിക്കുക. ചൈനയില്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ യുഎസ് ഇതര വിപണികളിലും എത്തിക്കും. ചൈനയില്‍ നിര്‍മിക്കുന്ന ഏഫോണുകള്‍ക്കുള്ള അധിക നികുതി അമേരിക്ക പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലുള്ള 20 ശതമാനം നികുതി പോലും വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നാണ് ആപ്പിളിന്റെ വിലയിരുത്തല്‍.