'ആല്‍ബെര്‍ട്ട ഈസ് കോളിംഗ്' ക്യാമ്പയിന്റെ ഭാഗമായി, കഴിഞ്ഞ വര്‍ഷം പ്രവിശ്യയില്‍ സ്ഥിരതാമസമാക്കിയ 2,000 ത്തോളം വിദഗ്ധ തൊഴിലാളികളുടെ സ്ഥലംമാറ്റ ചെലവുകള്‍ വഹിക്കുമെന്ന് ആല്‍ബെര്‍ട്ട സര്‍ക്കാരിന്റെ വാഗ്ദാനം. 2024 മെയ് 1 നും ഡിസംബര്‍ 31 നും ഇടയില്‍ എത്തിയവര്‍ക്ക് 5,000 ഡോളറാണ് ലഭിക്കുക. ഈ മൂവിംഗ് ബോണസിനുള്ള അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. എയര്‍ക്രാഫ്റ്റ് മെക്കാനിക്‌സ്, കണ്‍സ്ട്രക്ഷന്‍ ലേബേഴ്‌സ് തുടങ്ങി അര്‍ഹതയുള്ള തൊഴിലുകളുടെ പട്ടികയില്‍ നിന്നുള്ള ആദ്യ 2,000 അപേക്ഷകര്‍ക്കാണ് ബോണസ് ലഭിക്കുക. ബോണസിന് അര്‍ഹത നേടുന്നതിന് അപേക്ഷകര്‍ മുഴുവന്‍ സമയ ജോലി ചെയ്യുന്നവരും കനേഡിയന്‍ പൗരനോ സ്ഥിരതാമസക്കാരനോ ആയിരിക്കണം.
പ്രവിശ്യയിലേക്ക് കൂടുതല്‍ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഇന്‍സെന്റീവ് പ്രോഗ്രാം ഫലപ്രദമാണെന്നും എന്നാല്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കൂടുതല്‍ ബോണസും പ്രോഗ്രാമുകളും ആവശ്യമാണെന്നും ബിസിനസ് കൗണ്‍സില്‍ ഓഫ് ആല്‍ബെര്‍ട്ട പ്രസിഡന്റ് ആദം ലെഗെ പറഞ്ഞു. ആല്‍ബെര്‍ട്ടയില്‍ വിദഗ്ധ വ്യാപാര തൊഴിലാളികളുടെ കുറവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് ലെഗ്ഗെ പറയുന്നു. 2028 ആകുമ്പോഴേക്കും കാനഡയിലുടനീളം സ്‌കില്‍ഡ് ട്രെഡ് മേഖലയില്‍ 700,000 ത്തോളം വിരമിക്കല്‍ പ്രതീക്ഷിക്കുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.