വിവിധ രാജ്യങ്ങളിലേക്ക് അവധിക്കാല യാത്രകള്‍ ആസൂത്രണം ചെയ്യുന്നവര്‍ക്ക് യാത്രാ ഉപദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് കാനഡ. രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എന്തെങ്കിലും യാത്രാ മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ടത് നല്ലതാണെന്ന് അധികൃതര്‍ പറയുന്നു. ലോകമെമ്പാടുമുള്ള നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നിലവില്‍ സുരക്ഷാ അപകടങ്ങള്‍ മുതല്‍ രാഷ്ട്രീയ അസ്ഥിരത വരെയുള്ള വിവിധ കാരണങ്ങളാല്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിദേശത്തേക്ക് യാത്ര ചെയ്യുന്നവരാണെങ്കില്‍ രജിസ്ട്രേഷന് ഓഫ് കനേഡിയന്‍സ് എബ്രോഡ്(ROCA) യില്‍ രജിസ്റ്റര്‍ ചെയ്യാം. വിദേശത്തോ സ്വദേശത്തോ പ്രഖ്യാപിക്കുന്ന അടിയന്തരാവസ്ഥയോ മറ്റ് അപകടമുന്നറിയിപ്പുകളോ അറിയിക്കുന്ന സൗജന്യവും രഹസ്യാത്മകവുമായ സേവനമാണിത്.
ജനപ്രിയ സ്ഥലങ്ങള്‍ക്ക് നിലവില്‍ പ്രാബല്യത്തിലുള്ള ചില കനേഡിയന്‍ സര്‍ക്കാര്‍ യാത്രാ ഉപദേശങ്ങള്‍ നോക്കാം.
ബഹാമസ്:
ബഹാമസിലെ നഗരങ്ങളില്‍ പോക്കറ്റടി, ബാഗ് പിടിച്ചുപറി, കാര്‍ തട്ടിക്കൊണ്ടുപോകല്‍, അക്രമങ്ങള്‍, മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവ പകല്‍ സമയങ്ങളില്‍ പോലും നടക്കുന്നതിനാല്‍ യാത്രക്കാര്‍ വളരെ ജാഗ്രത പാലിക്കണമെന്ന് കാനഡ നല്കുന്ന യാത്രാ ഉപദേശത്തില്‍ പറയുന്നു.
സ്പെയിന്:
സ്പെയിനില്‍ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ യാത്രക്കാര്‍ വളരെയധികം ജാഗ്രത പാലിക്കണമെന്ന് കനേഡിയന്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കുന്നു.
ഫ്രാന്‍സ്:
ഫ്രാന്‍സിലും തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും ഫ്രഞ്ച് മാധ്യമങ്ങളും ഓണ്‍ലൈനും പരിശോധിക്കാനും നിര്‍ദ്ദേശിക്കുന്നു.
വിയറ്റ്നാം:
വിയറ്റ്നാമിലെ നഗരങ്ങളില്‍ പോക്കറ്റടിയും പിടിച്ചുപറിയും വ്യാപകമാണെന്ന് ഫെഡറല്‍ സര്‍ക്കാരിന്റെ യാത്രാ ഉപദേശത്തില്‍ പറയുന്നു.
മെക്സിക്കോ:
കുറ്റകൃത്യങ്ങളും തട്ടിക്കൊണ്ടുപോകലും പതിവായി നടക്കുന്നതിനാല്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശത്തിലുണ്ട്.
ജമൈക്ക:
കിംഗ്സറ്റണ്, മോണ്ടെഗോ ബേ പോലുള്ള വലിയ നഗരങ്ങളിലും വിനോദസഞ്ചാര മേഖലകളിലും സായുധ കൊള്ളയും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ട്. അതിനാല്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഇറ്റലി, ഇക്വഡോര്‍, പെറു, ഫിലിപ്പീയന്‍സ്, യുഎഇ തുടങ്ങിയിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കും യാത്രാ ഉപദേശം നല്‍കിയിട്ടുണ്ട്. വിവിധ രാജ്യങ്ങള്‍ക്കുള്ള കാനഡയുടെ യാത്രാ ഉപദേശങ്ങളുടെ പൂര്‍ണമായ ലിസ്റ്റിനായി ട്രാവല്‍ അഡൈ്വസ് ആന്‍ഡ് അഡൈ്വസറീസ് വെബ്സൈറ്റ് സന്ദര്‍ശിക്കുക.