എൻ എസ് എസ് ഓഫ് ബി സി (NSS of BC) യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 20-ന് ഞായറാഴ്ച ലാങ്ലി വെസ്റ്റ് ഹാളിൽ വച്ച് ഈ വർഷത്തെ വിഷു അതിവിപുലമായി ആഘോഷിച്ചു. സംഘടനയുടെ പ്രസിഡന്റ് ശ്രീ. തമ്പാനൂർ മോഹന്റെ അഭാവത്തിൽ ജനറൽ സെക്രട്ടറി ശ്രീ. സംഗീത് നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീ. ജ്യോതിഷ് കുമാർ സ്വാഗത പ്രസംഗം ചെയ്ത ചടങ്ങിൽ, ഇന്ത്യൻ കരസേനയിൽ ഹെലികോപ്ടർ പൈലറ്റ് ആയി പ്രവർത്തിച്ചു വിരമിച്ച കേണൽ നറു മേനോൻ മുഖ്യാതിഥി ആയി. അദ്ദേഹത്തെ എൻ എൻ എസ്സിന്റെ ഡയറക്ടർ ബോർഡ് അംഗം ശ്രീ. പ്രശാന്ത് പൊന്നാട അണിയിച്ച് ആദരിക്കുകയും ഫലകം കൈമാറുകയും ചെയ്തു. എല്ലാ വർഷത്തെയും പോലെ കേരളത്തനിമയേറിയ വിഷു സദ്യയും, മനോഹരമായ വിഷുക്കണി പ്രദർശനവും നടന്നു. തുടർന്ന്, പങ്കെടുത്ത എല്ലാ കുട്ടികൾക്കും എൻ എൻ എസ്സിന്റെ മുതിർന്ന കുടുംബാംഗവും ബി സി യിലെ പ്രശസ്ത സൈക്കിയാട്രിസ്റ്റുമായ ഡോ. എൻ. ജി. നായർ അവർകൾ വിഷുക്കൈനീട്ടം നൽകി അനുഗ്രഹിച്ചു.
ചിത്രരചന-കളറിംഗ് മത്സരത്തോടു കൂടി തുടങ്ങിയ ചടങ്ങിൽ വിവിധ കലാകേന്ദ്രങ്ങളുടെ നൃത്തനൃത്ത്യങ്ങളും മറ്റു കലാപരിപാടികളും അരങ്ങേറി. റോക്ക് ടൈൽ സംഘം അവതരിപ്പിച്ച ഫ്യൂഷൻ ചെണ്ടമേളം ചടങ്ങിന് മിഴിവേകി. കൂടാതെ എൻ എൻ എസ്സിന്റെ സ്പോൺസേഴ്സ് ആയ ശ്രീ. സുധിർ നായർ (Rexara Realty Inc), ശ്രീ. സണ്ണി ശ്റഹ് (S&T Transport), ശ്രീമതി സുജാത (Buy N Save Groceries), ശ്രീ. റോബി മേനോൻ (Caterpillar Fun House), ശ്രീ. അരുക്കുറ്റി രംഗനാഥൻ (Insurance Agent), ശ്രീ. ശ്രീരൂപ് നായർ എന്നിവരെ ആദരിച്ചു. ഈ പരിപാടി ഇത്രയും വിപുലമായി നടത്താൻ സഹായിച്ച സംഘടനയുടെ മറ്റ് അംഗങ്ങളായ ശ്രീ. പ്രവീൺ, ശ്രീ. രമേഷ്, ശ്രീ. അനൂപ്, ശ്രീ. സഞ്ജു, ശ്രീ. പ്രിൻസ് എന്നിവരുടെയും, മെമ്പേഴ്സിന്റെ മറ്റു കുടുംബാംഗങ്ങളുടെയും അക്ഷീണമായ പ്രവർത്തനത്തെ അനുസ്മരിച്ചു. കൂടാതെ, എംസി അഞ്ജലി പിള്ളയുടെ അവതരണവും സ്തുത്യർഹമായിരുന്നു. പരിപാടികൾ അവതരിപ്പിച്ച എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും സെർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ട്രഷറർ ശ്രീ. സനൂപ് മുരളിയുടെ നന്ദിപ്രകാശനത്തോടുകൂടി ചടങ്ങുകൾ അവസാനിച്ചു.