തീവ്രവാദ ഗ്രൂപ്പിൽ ചേരാൻ ശ്രമിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്ത യമൻ സ്വദേശിയെ കോടതിയിൽ ഹാജരാക്കി

By: 600110 On: May 3, 2025, 3:31 PM

 

കാനഡ വിട്ട് ഒരു തീവ്രവാദ ഗ്രൂപ്പിൽ ചേരാൻ ശ്രമിച്ചുവെന്നാരോപിച്ച് ആർസിഎംപി അറസ്റ്റ് ചെയ്ത യമൻ സ്വദേശിയെ കോടതിയിൽ ഹാജരാക്കി. ഹുസാം തഹ അലി അൽ-സെവായി എന്ന് പേരുള്ള ഇയാളെ കഴിഞ്ഞ ഏപ്രിൽ 19നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം ഇയാൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയായിരുന്നു. 

ജാമ്യാപേക്ഷ പരിഗണിക്കുന്നതിൻ്റെ ഭാഗമായാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്.  ഇയാൾക്കെതിരെ ഒരു കുറ്റകൃത്യവും ചുമത്തിയിട്ടില്ല. പകരം, പൊതു സുരക്ഷയുടെ പേരിൽ ഇയാളുടെ നീക്കങ്ങളെ നിയന്ത്രിക്കുന്നതിനായി ഒരു പീസ് ബോണ്ട് അനുവദിക്കണമെന്ന് ക്രൗൺ പ്രോസിക്യൂട്ടർമാർ കോടതിയോട് ആവശ്യപ്പെട്ടു. അൽ-സെവായിയുടെയോ അദ്ദേഹം ചേരാൻ ശ്രമിച്ചതായി ആരോപിക്കപ്പെടുന്ന തീവ്രവാദ ഗ്രൂപ്പിൻ്റെയോ പേര് വെളിപ്പെടുത്താത്ത ഒരു വാർത്താക്കുറിപ്പിൽ ആർ‌സി‌എം‌പി ഇയാളുടെ അറസ്റ്റും പ്രഖ്യാപിച്ചിട്ടുണ്ട്.  ജാമ്യാപേക്ഷ പരിഗണിക്കുന്ന  മെയ്  എട്ട് വരെ സെവായിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് വാർത്താ സ്ഥാപനങ്ങൾക്ക് വിലക്കുണ്ട്. അൽ-സെവായ് തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ ചെയ്തേക്കാൻ സാധ്യതയുണ്ടെന്ന് സംശയിക്കാൻ തക്ക ന്യായമായ കാരണങ്ങളുണ്ടെന്ന് പോലീസ് കരുതുന്നതായി റിപ്പോർട്ടുണ്ട്.