കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെയ്ക്ക് സീറ്റൊഴിയാൻ ഡാമിയെൻ കുറെക്. ഫെഡറൽ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവായ പൊയിലീവ്രെ തോറ്റതോടെ പാർട്ടിക്ക് പാർലമെൻ്റിൽ ശക്തനായൊരു നേതാവില്ലാത്ത സ്ഥിതിയുണ്ട്. ഇത് മറികടക്കാനാണ് ബാറ്റിൽ റിവർ ക്രോഫൂട്ട് എംപിയായ ഡാമിയെൻ കുറെക് രാജിവയ്ക്കുന്നത്. ഇവിടെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പിയറി പൊയിലീവ്രെ മല്‍സരിക്കും.
ആൽബെർട്ടയിലെ തൻ്റെ സീറ്റ് ഡാമിയെൻ കുറെക് രാജിവയ്ക്കുമെന്ന് കൺസർവേറ്റീവ് പാർട്ടി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഫെഡറൽ തിരഞ്ഞെടുപ്പിൽ ദീർഘകാലമായി കൈവശം വച്ചിരുന്ന ഒട്ടാവയിലെ കാൾട്ടൺ സീറ്റ് പൊയിലീവ്രെക്ക് നഷ്ടപ്പെട്ടിരുന്നു. ഇതോടെ, കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഔദ്യോഗിക പ്രതിപക്ഷമായിട്ടും ഹൗസ് ഓഫ് കോമൺസിൽ കൺസർവേറ്റീവ് പാർട്ടിക്ക് ശക്തനായൊരു നേതാവില്ലാത്ത സ്ഥിതി വന്നു. ഇതേ തുടർന്നാണ് പുതിയ തീരുമാനം. 2019 മുതൽ ഈ സീറ്റ് കൈവശം വച്ചിരിക്കുന്നയാളാണ് ബാറ്റിൽ റിവർ-ക്രോഫൂട്ട് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ഡാമിയൻ കുറെക്ക്. പിയറി പൊയിലീവ്രെയുടെ നേതൃത്വത്തിൽ തടയാനാകാത്തൊരു പ്രസ്ഥാനം വളർന്നുവന്നിട്ടുണ്ട്. അതിനാൽ ഹൌസ് ഓഫ് കോമൺസിൽ ലിബറലുകളുടെ ന്യൂനപക്ഷ സർക്കാരിനെ നേരിടാൻ പിയറി പൊയിലീവ്രെയുടെ ശക്തമായ സാന്നിധ്യം ആവശമാണെന്ന് ഡാമിയൻ കുറെക്ക് പ്രസ്താവനയിൽ അറിയിച്ചു. തൻ്റെ രാജി താൽക്കാലികം മാത്രമാണെന്നും അടുത്ത ഫെഡറൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഇതേ റൈഡിംഗിൽ തന്നെ മത്സരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കുറെക് പറഞ്ഞു.