മൂന്ന് വര്‍ഷമായി തിരയുന്ന വാന്‍കുവര്‍ സ്വദേശിയായ പിടികിട്ടാപ്പുള്ളി ഒമാനില്‍ അറസ്റ്റില്‍

By: 600002 On: May 3, 2025, 12:35 PM

 

 


മൂന്ന് വര്‍ഷമായി ആഗോള തലത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ വാന്‍കുവര്‍ സ്വദേശിയായ പ്രതിയെ ഒമാനില്‍ വെച്ച് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കോഡി കേസി എന്നയാള്‍ അറസ്റ്റിലായതെന്ന് വാന്‍കുവര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. അറസ്റ്റ് ചെയ്തതിന് ശേഷം ഇയാളെ കാനഡയിലേക്ക് നാടുകടത്തി. 14 രാജ്യങ്ങളിലായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍ കോഡി കേസിക്കായി തിരച്ചില്‍ നടത്തിയത്. 

ഫെന്റനൈല്‍ കടത്ത്, തോക്ക് ഉപയോഗം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് കേസി. 2020 ല്‍ 17 ഓളം കുറ്റങ്ങളാണ് കേസിക്കെതിരെ ചുമത്തിയത്. പിന്നീട് 2022 ല്‍ ജാമ്യത്തിലിറങ്ങിയപ്പോള്‍ ആങ്കിള്‍ ബ്രേയ്‌സ്‌ലെറ്റ് മുറിച്ച് രക്ഷപ്പെട്ട കേസി രാജ്യം വിട്ടു. 

2024 ഏപ്രിലില്‍ കാനഡയിലെ 25 മോസ്റ്റ് വാണ്ടഡ് പ്രതികളില്‍ ഉള്‍പ്പെട്ട രണ്ട് ബ്രിട്ടീഷ് കൊളംബിയക്കാരില്‍ ഒരാളായിരുന്നു കേസി. ഈ സമയത്ത് കേസിയുടെ അറസ്റ്റിന് സഹായിക്കുന്നവര്‍ക്ക് പോലീസ് 100,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പിന്നീടാണ് ഒമാനില്‍ വെച്ച് കേസി അറസ്റ്റിലാകുന്നത്. 2024 ഒക്ടോബര്‍ മുതല്‍ കേസിയെ ഒമാനില്‍ നിന്ന്  തിരികെ കാനഡയിലെത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കോടതിയില്‍ ഹാജരാക്കുന്നത് വരെ കേസി കസ്റ്റഡിയില്‍ തുടരുമെന്ന് പോലീസ് അറിയിച്ചു.