താരിഫ് ഭീഷണി: ഒന്റാരിയോ പ്ലാന്റില്‍ ഡ്യൂട്ടി ഷിഫ്റ്റുകള്‍ കുറച്ച് ജനറല്‍ മോട്ടോഴ്‌സ് 

By: 600002 On: May 3, 2025, 9:38 AM

 


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണി ചൂണ്ടിക്കാട്ടി ജനറല്‍ മോട്ടോഴ്‌സ് ഒന്റാരിയോയിലെ ഓഷവ പ്ലാന്റിലെ ഡ്യൂട്ടി ഷിഫ്റ്റുകള്‍ കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ ഈ നീക്കം ഓട്ടോ പാര്‍ട്‌സ് വിതരണ ശൃംഖലയെ സാരമായി ബാധിക്കുമെന്ന് ഓട്ടോ തൊഴിലാളി യൂണിയന്‍ പറഞ്ഞു. എന്നാല്‍ കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് കാനഡയില്‍ കൂടുതല്‍ ട്രക്കുകള്‍ നിര്‍മ്മിക്കുന്നതിനായി പ്ലാന്റ് പുന:ക്രമീകരിക്കുന്നതിനായാണ് രണ്ട് ഷിഫ്റ്റുകളുള്ള ജോലി സമയത്തേക്ക് മാറുന്നതെന്ന് ജിഎം വിശദീകരിക്കുന്നു. ഈ മാറ്റം സുസ്ഥിരമായ ഉല്‍പ്പാദന വളര്‍ച്ചയെ പിന്തുണയ്ക്കാന്‍ സഹായിക്കുമെന്നും കമ്പനി പറഞ്ഞു. നിലവില്‍ മൂന്ന് ഷിഫ്റ്റായാണ് തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. 

എന്നാല്‍ കമ്പനിയുടെ ഈ തീരുമാനം തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് ഒന്റാരിയോ പ്രീമിയര്‍ ഡഗ്‌ഫോര്‍ഡ് പ്രതികരിച്ചു. പ്രവിശ്യയിലെ ഓട്ടോമൊബൈല്‍ വ്യവസായം കെട്ടിപ്പടുക്കാന്‍ സഹായിച്ച കഠിനാധ്വാനികളായ ആളുകളാണ് ഇവരെന്നും ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.