ക്യൂബെക്കിലെ സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നു

By: 600110 On: May 2, 2025, 2:52 PM

 

ക്യൂബെക്കിലെ സ്കൂളുകളിൽ മൊബൈൽ ഫോണുകൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നു.  സെൽഫോണുകൾക്ക് ഒപ്പം മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും പൂർണ്ണ നിരോധനം ഏർപ്പെടുത്തും.  വിദ്യാഭ്യാസ മന്ത്രി ബെർണാഡ് ഡ്രെയിൻവില്ലെ വാർത്താ സമ്മേളനത്തിലാണ് നിരോധനം പ്രഖ്യാപിച്ചത്.  

വിദ്യാർത്ഥികൾക്കിടയിലെ സാമൂഹികവൽക്കരണത്തിന് മൊബൈൽ ഫോണുകൾ ഒരു തടസ്സമാണെന്നും അത് സംഘർഷത്തിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവിശ്യ ഇതിനോടകം തന്നെ ക്ലാസ് മുറികളിൽ സെൽഫോണുകൾ നിരോധിച്ചിട്ടുണ്ട്.  2024 ജനുവരി ഒന്ന് മുതൽ അത് പ്രാബല്യത്തിൽ വന്നിരുന്നു. പുതിയ നിരോധനം അനുസരിച്ച് സ്കൂൾ ദിവസത്തിൻ്റെ തുടക്കം മുതൽ അവസാനം വരെ ഇടവേളകളിൽ ഉൾപ്പെടെ ഫോണുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല.  എലിമെൻ്ററി സ്കൂൾ, ഹൈസ്കൂൾ തലങ്ങളിലെ പൊതു, സ്വകാര്യ സ്കൂളുകൾക്ക് നിരോധനം ബാധകമായിരിക്കും. അടുത്ത അധ്യയന വർഷം മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും മാറ്റം എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കേണ്ടത് ഓരോ സ്കൂളുമാണെന്നും ഡ്രെയിൻവില്ലെ പറഞ്ഞു. ഏകദേശം 400 ക്യൂബെക്ക് സ്കൂളുകൾ ഇതിനോടകം തന്നെ സ്കൂൾ പരിസരത്ത് മൊബൈൽ ഫോണുകൾ നിരോധിച്ചിട്ടുണ്ട്