കാനഡയുടെ പ്രധാനമന്ത്രിയായി മാർക്ക് കാർണി എത്തുമ്പോൾ, ഏറെ ശ്രദ്ധ നേടുന്ന മറ്റൊരു പേരാണ് ഡയാന ഫോക്സ് കാർണിയുടേത്. സാമ്പത്തിക വിദഗ്ദ്ധയും ഹോക്കി പ്ലെയറുമായ കാർണിയുടെ ഭാര്യ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കാർണി കാനഡയിലുടനീളം സഞ്ചരിച്ചപ്പോൾ ഫോക്സ് കാർണിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് രാത്രിയിൽ, അദ്ദേഹത്തിൻ്റെ വിജയ പ്രസംഗത്തിനിടെ അവർ അദ്ദേഹത്തോടൊപ്പം പ്രസംഗിക്കുകയും ആളുകളുടെ ശ്രദ്ധ നേടുകയും ചെയ്തു.
"ഒരു പങ്കാളി എന്ന നിലയിൽ, എനിക്ക് അദ്ദേഹത്തെക്കുറിച്ച് വളരെയേറെ അഭിമാനമുണ്ട്. ഒരു കനേഡിയൻ എന്ന നിലയിൽ, 30 വർഷങ്ങൾക്ക് മുമ്പ് ഞാൻ കണ്ടുമുട്ടിയ ആ മനുഷ്യൻ സേവനത്തോടുള്ള ശക്തമായ പ്രതിബദ്ധത എന്നും മുറുകെ പിടിച്ചു. അതിൽ ഞാൻ അഭിമാനിക്കുന്നു"കാർണിയെക്കുറിച്ച് ഡയാന പറഞ്ഞതിങ്ങനെയാണ്. ബ്രിട്ടനിൽ ജനിച്ചു വളർന്ന ഡയാന ഓക്സ്ഫോർഡിൽ നിന്നാണ് ബിരുദം നേടിയത്. ഇത് കൂടാതെ പെൻസിൽവാനിയ സർവ്വകലാശാലയിൽ നിന്ന് ഇൻ്റർനാഷണൽ റിലേഷൻസിൽ മാസ്റ്റർ ബിരുദവും നേടിയിട്ടുണ്ട്. ഓക്സ്ഫോർഡിൽ പഠിക്കുമ്പോൾ ഐസ് ഹോക്കി ടീമിൽ അംഗമായിരുന്നു കാർണിയും ഡയാനയും. അങ്ങനെയാണ് ഇരുവരും പരിചയപ്പെടുന്നത്.
അമേരിക്കയിലെ പ്രഥമ വനിതയുടേതു പോലുള്ള ഔദ്യോഗിക പദവിയോ മറ്റ് റോളുകളോ ഇല്ലെങ്കിലും കനേഡിയൻ പ്രധാനമന്ത്രിമാരുടെ ജീവിത പങ്കാളികൾ പൊതു, രാഷ്ട്രീയ പരിപാടികളിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. പലരും ജീവകാരുണ്യ പ്രവർത്തനങ്ങളും സാമൂഹിക സേവനങ്ങളുമൊക്കെയാണ് തിരഞ്ഞെടുക്കുക. മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ മുൻ ഭാര്യ സോഫി ഗ്രെഗോയർ ട്രൂഡോ ആളുകളുടെ മാനസികാരോഗ്യത്തിന് വേണ്ടി നിരന്തരം പ്രവർത്തിച്ചയാളാണ്. മുൻ പ്രധാനമന്ത്രി സ്റ്റീഫൻ ഹാർപ്പറിൻ്റെ ഭാര്യ ലോറീൻ ഹാർപ്പർ ഔദ്യോഗിക വസതിയായ 24 സസെക്സിൽ ഡസൻ കണക്കിന് പൂച്ചകളെ ദത്തെടുത്ത് വളർത്തുന്നതിൽ പ്രശസ്തയായിരുന്നു.