ആരോഗ്യ മേഖലയിൽ അഴിച്ചുപണി ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

By: 600110 On: May 2, 2025, 1:44 PM

ആരോഗ്യ മേഖലയിൽ അഴിച്ചുപണി ലക്ഷ്യമിട്ടുള്ള നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ. ഇതിനായുള്ള ബിൽ 55 പാസായാൽ, ആൽബെർട്ട ഹെൽത്ത് സർവീസസിനെ (എഎച്ച്എസ്) നാല് ആരോഗ്യ ഏജൻസികളായി വിഭജിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. നിലവിൽ ആൽബെർട്ട ഹെൽത്ത് സർവീസസ് (എഎച്ച്എസ്) എന്ന  ഒറ്റ ഏജൻസിക്കാണ് ആരോഗ്യമേഖലയിലെ പ്രവർത്തനങ്ങളുടെ ചുമതല. ഇത് വിഭജിച്ച് നാല് പ്രത്യേക ഏജൻസികളാക്കുന്നത് അടക്കമുള്ള നടപടികളാണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിടുന്നത്. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനൊപ്പം ഗ്രാമീണ മേഖലകളിലടക്കം സേവനങ്ങൾ എത്തിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2023 നവംബറിലാണ് ആൽബെർട്ട ആരോഗ്യ മേഖലയിൽ സമൂലമായ മാറ്റങ്ങൾക്കുള്ള പദ്ധതികൾ പ്രഖ്യാപിച്ചത്. അന്ന് മുതൽ ഈ മാറ്റങ്ങൾ പ്രധാന ചർച്ച വിഷയവുമാണ്.  പ്രൈമറി കെയർ, അക്യൂട്ട് കെയർ, അസിസ്റ്റഡ് ലിവിങ്, റിക്കവറി ആൽബർട്ട എന്നിവയാണ് നാല് പുതിയ ഏജൻസികൾ. രോഗപ്രതിരോധം പോലുള്ള പൊതുജനാരോഗ്യ സേവനങ്ങൾ പ്രൈമറി കെയർ ആൽബർട്ടയ്ക്ക് കീഴിലായിരിക്കും നടക്കുക. അതേസമയം നയപരമായ കാര്യങ്ങളും ആരോഗ്യ പരിശോധനകളും ആരോഗ്യ മന്ത്രാലയമാകും കൈകാര്യം ചെയ്യുക. അക്യൂട്ട് കെയർ ആൽബർട്ട എന്ന പുതിയ ഏജൻസിയ്ക്ക് കീഴിൽ ആശുപത്രി പ്രൊവൈഡറായി എഎച്ച്എസും കോവനൻ്റ് ഹെൽത്തും തുടർന്നും പ്രവർത്തിക്കും. മാനസിക ആരോഗ്യം, അഡിക്ഷനുകൾ എന്നിവയുടെ ചുമതല അസിസ്റ്റഡ് ലിവിങ്, റിക്കവറി ആൽബർട്ട എന്നീ ഏജൻസികൾക്കാണ്. പുതിയ മാറ്റങ്ങൾക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. വ്യക്തമായ ചർച്ചകളില്ലാതെയാണ് തീരുമാനങ്ങളെന്ന് എൻഡിപിയുടെ സാറ ഹോഫ്മാൻ പറഞ്ഞു. ജീവനക്കാരെ മാറ്റുന്നതിൽ അടക്കം കാലതാമസവും നേരിടുന്നുണ്ട്.  ആരോഗ്യ മേഖലയിലെ കരാറുകൾ നല്കുന്നതിനെക്കുറിച്ച് വിവാദങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ബിൽ 55 പാസായാൽ, ആൽബെർട്ട ഹെൽത്ത് സർവീസസിനെ (എഎച്ച്എസ്) നാല് ആരോഗ്യ ഏജൻസികളായി വിഭജിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരും.