വാന്‍കുവര്‍ ഫിലിപ്പീനോ ഫെസ്റ്റിവല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സഹായിക്കാനെന്ന് അവകാശപ്പെട്ട് ആരംഭിച്ച പേജിലേക്കുള്ള സംഭാവനകള്‍ ഗോഫണ്ട്മീ വെബ്‌സൈറ്റ് നിര്‍ത്തിവെച്ചു. ശനിയാഴ്ച നടന്ന ഫെസ്റ്റിവലില്‍ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി 11 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ മരിച്ചുവെന്ന് പറയുന്ന റെയ്‌ന എന്ന സ്ത്രീയുടെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനും സഹായിക്കുന്നതിനുമെന്ന് അവകാശപ്പെട്ടാണ് പേജ് ആരംഭിച്ച് സംഭാവനകള്‍ സ്വീകരിച്ചു തുടങ്ങിയത്.
റെയ്‌ന മരിക്കുമ്പോള്‍ ലാപു-ലാപു ഫെസ്റ്റിവലില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നതായി പേജിന്റെ പിന്നിലുള്ള സംഘാടകര്‍ പറയുന്നു. എന്നാല്‍ ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്ന കൊല്ലപ്പെട്ട 11 പേരുടെ പേരുകളില്‍ റെയ്‌ന എന്നൊരാള്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഗോഫണ്ട്മീ അധികൃതര്‍ സ്ഥിരീകരിക്കുന്നു. അതിനാല്‍ ഈ പേജിലേക്ക് സംഭാവനകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെക്കുന്നതായി ഫണ്ട്‌റൈസിംഗ് വെബ്‌സൈറ്റ് അറിയിച്ചു. അതേസമയം, ഗോഫണ്ട്മീ പേജ് തന്റെ ഫോട്ടോകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് സോഷ്യല്‍മീഡിയയിലൂടെ ആരോപിച്ച് ഒരു സ്ത്രീ രംഗത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച പേജ് നിര്‍ത്തിവെക്കുന്നതിന് മുമ്പ് ഞായറാഴ്ച മുതല്‍ 57,330 ഡോളര്‍ സംഭാവന ശേഖരിച്ചതായാണ് കണക്കുകള്‍. എന്നാല്‍ സംഭാവന സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഗോഫണ്ട്മീ പറയുന്നു. തെറ്റായ കാര്യങ്ങളാണെന്ന് സ്ഥിരീകരിച്ചാല്‍ മുഴുവന്‍ റീഫണ്ടും തങ്ങള്‍ ഉറപ്പാക്കുമെന്നും കമ്പനി ഡിസ്‌ക്ലെയ്മറില്‍ പറയുന്നു. പേജ് നീക്കം ചെയ്തതായും സംഭാവനകള്‍ തിരികെ നല്‍കിയതായും ഓര്‍ഗനൈസറെ പ്ലാറ്റ്‌ഫോമില്‍ നിന്നും വിലക്കിയതായും കമ്പനി അറിയിച്ചു.