പുതിയ കരാറിലെത്തിയില്ലെങ്കില്‍ വീണ്ടും പണിമുടക്കിലേക്കെന്ന സൂചന നല്‍കി കാനഡ പോസ്റ്റ്. ഈ മാസം 22 ന് പണിമുടക്ക് ആരംഭിക്കാനാണ് തപാല്‍ ജീവനക്കാരെ പ്രതിനിധീകരിക്കുന്ന കനേഡിയന്‍ യൂണിയന്‍ ഓഫ് പോസ്റ്റല്‍ വര്‍ക്കേഴ്‌സ്(COPW) തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അവസാനം ഒരു മാസം നീണ്ടുനിന്ന കാനഡ പോസ്റ്റ് പണിമുടക്ക് രാജ്യത്തുടനീളമുള്ള തപാല്‍ വിതരണം നിര്‍ത്തിവെക്കുന്നതിനും പാസ്‌പോര്‍ട്ട് വിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതിനും കാരണമായിരുന്നു. ശൈത്യകാലത്തെ സീസണല്‍ തിരക്കിനിടയില്‍ ചെറുകിട ബിസിനസ് സ്ഥാപനങ്ങളെയും പണിമുടക്ക് ദോഷകരമായി ബാധിച്ചിരുന്നു.
പ്രതിസന്ധി രൂക്ഷമായതോടെ ഫെഡറല്‍ ലേബര്‍ മിനിസ്റ്റര്‍ ഇടപെട്ട് ജീവനക്കാരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉത്തരവിട്ടു. ഇതിനായി ഇരുപക്ഷവും തമ്മിലുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങള്‍ പരിശോധിക്കാനും അത് പരിഹരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ നല്‍കാനും ഫെഡറല്‍ ഇന്‍ഡസ്ട്രിയല്‍ എന്‍ക്വയറി കമ്മീഷനെ നിയമിക്കുകയും ചെയ്തു. കൂടാതെ കൂട്ടായ കരാറുകള്‍ മെയ് 22 വരെ നീട്ടുകയും ചെയ്തു. എന്നാല്‍ ഈ കരാറുകള്‍ തുടര്‍ന്ന് പ്രാവര്‍ത്തികമാക്കിയില്ലെങ്കില്‍ കരാറുകള്‍ അവസാനിക്കുന്ന മെയ് 22 ന് ശേഷം പണിമുടക്ക് ആരംഭിക്കുമെന്നാണ് യൂണിയന്‍ വ്യക്തമാക്കുന്നത്.
ന്യായമായ വേതനം, ആരോഗ്യം സുരക്ഷ, തൊഴില്‍ സുരക്ഷ, അന്തസ്സോടെ വിരമിക്കാനുള്ള അവകാശം എന്നിവ നല്‍കുന്ന കൂട്ടായ കരാറുകള്‍ നേടുകയാണ് യൂണിയന്‍ ലക്ഷ്യമിടുന്നത്. യൂണിയനുമായി ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ടെന്ന് കാനഡ പോസ്റ്റ് വക്താവ് ലിസ ലിയു അറിയിച്ചു. യൂണിന്റെ ആവശ്യപ്രകാരം കൂട്ടായ കരാറിലെത്തുക എന്നതിനാണ് മുന്‍ഗണനയെന്നും ലിസ ലിയു പറഞ്ഞു.