അമേരിക്കയിലെ ചിക്കാഗോയിൽ, കവചിത ട്രക്കിൽ നിന്ന് പണം റോഡിലേക്ക് വീണു. ഓടിക്കൂടിയ ആളുകൾ പണം എടുത്ത് കൊണ്ടുപോവുകയും ചെയ്തു. ബാങ്കിംഗ് ആവശ്യത്തിനായി കൊണ്ടു പോവുകയായിരുന്ന പണമാണ് അബദ്ധത്തിൽ ട്രക്കിൽ നിന്ന് പുറത്തേക്ക് വീണത്. ഏകദേശം മൂന്ന് ലക്ഷം ഡോളർ അടങ്ങിയ ബാഗുകളാണ് റോഡിൽ വീണതെന്ന് ബ്രിങ്ക്സ് ഹോം സെക്യൂരിറ്റി അറിയിച്ചു.
വാഹനത്തിൽ നിന്ന് പുറത്ത് വീണ പണം എടുത്ത് ചിലർ ഓടിമറഞ്ഞപ്പോൾ, മറ്റു ചിലർ വാഹനത്തിലും കയറി രക്ഷപ്പെട്ടെന്ന് ഓക്ക് പാർക്ക് പോലീസ് പറയുന്നു. ബ്രിങ്ക്സ് ഹോം സെക്യൂരിറ്റി കമ്പനിയുടേതാണ് ട്രക്ക്. ട്രക്കിൻ്റെ പിൻവാതിൽ തനിയെ തുറക്കുകയായിരുന്നു എന്നാണ് പോലീസിന് ലഭിച്ച പരാതിയിൽ പറയുന്നത്. ഡ്രൈവർ തിരിഞ്ഞു നോക്കിയപ്പോൾ, ഡസൻ കണക്കിന് ആളുകൾ ബാഗുകളിൽ നിന്ന് പണം എടുത്ത് ഓടിപ്പോകുന്നതാണ് കണ്ടതെന്നും പരാതിയിലുണ്ട്. ഏകദേശം മൂന്ന് ലക്ഷം ഡോളറിൻ്റെ നഷ്ടമാണ് ഉണ്ടായതെന്ന് ബ്രിങ്ക് വക്താവ് പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.