കാനഡയുമായി മികച്ച ബന്ധം സാധ്യമെന്ന് ഡൊണാള്‍ഡ് ട്രംപ്, അടുത്തയാഴ്ച മാർക് കാർണിയുമായിയ കൂടിക്കാഴ്ച നടത്തിയേക്കും

By: 600110 On: May 1, 2025, 11:24 AM

 

കാനഡയുമായി മികച്ച ബന്ധം സാധ്യമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുവരും അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തിയേക്കും. അമേരിക്കയുമായി പുതിയൊരു സാമ്പത്തിക സുരക്ഷാ കരാറിന് കനേഡിയൻ  പ്രധാനമന്ത്രി മാർക്ക് കാർണി ശ്രമിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. അതേ സമയം ട്രംപിനെ നേരിടാൻ ഏറ്റവും സജ്ജരായ പാർട്ടി ലിബറലുകൾ ആയതു കൊണ്ടാണ് കാനഡക്കാർ തങ്ങളെ തെരഞ്ഞെടുത്തത് എന്നാണ് കാർണിയുടെ പക്ഷം. കാനഡയോടുള്ള അമേരിക്കൻ വഞ്ചനയ്ക്ക് മറുപടി നൽകേണ്ടതിൻ്റെ ആവശ്യകതയും കാർണി എടുത്തു പറയുന്നു. 

മന്ത്രിസഭാ യോഗത്തിന് ശേഷം വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ ആയിരുന്നു ട്രംപിൻ്റെ വാക്കുകൾ. പാര്‍ലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച മാർക്ക് കാർണിയെ ട്രംപ് ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.  ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്. എന്നാൽ കൂടിക്കാഴ്ചയുടെ തീയതി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.  പിഎംഒയുടെ ഓഫീസ് നൽകുന്ന വിവരം അനുസരിച്ച് ട്രംപും കാർണിയും സമീപഭാവിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് മാത്രമാണ് ഉള്ളത്. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം കാർണി ചാൾസ് രാജാവുമായും ഉക്രേനിയൻ പ്രസിഡൻ്റ് വൊളോഡിമർ സെലെൻസ്‌കിയുമായും ഫോണിൽ സംസാരിച്ചിരുന്നു.  ഉക്രെയ്‌നിൽ വെടിനിർത്തൽ കൊണ്ടുവരാൻ കഴിയുന്ന നടപടികളെക്കുറിച്ചും ഈ വർഷത്തെ കാനഡയുടെ ജി7 പ്രസിഡൻസിയെക്കുറിച്ചും താനും കാർണിയും ചർച്ച ചെയ്തതായി സെലെൻസ്‌കി സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഉക്രെയ്‌നിൻ്റെ പ്രതിരോധത്തിന് കാനഡ നൽകിയ സംഭാവനകൾക്ക് സെലെൻസ്‌കി നന്ദിയും പറഞ്ഞു.