യുഎസ് കാനഡയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്ന താരിഫുകള്‍ ഒന്റാരിയോയുടെ തൊഴില്‍ മേഖലയെ സാരമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഒന്റാരിയോയില്‍ 68,100 തൊഴിലവസരങ്ങള്‍ കുറയാന്‍ താരിഫുകള്‍ കാരണമാകുമെന്ന് ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിളിറ്റി ഓഫീസ് ഓഫ് ഒന്റാരിയോ(എഫ്എഒ) പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കണക്ക് 2026 ല്‍ 119,200 ജോലികളായും 2029 ല്‍ 137,900 ജോലികളായും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്റാരിയോ സര്‍ക്കാരിന് വേണ്ടി സ്വതന്ത്ര, സാമ്പത്തിക വിശകലനം നടത്തുന്ന ഏജന്‍സിയാണ് എഫ്എഒ.
2025 മുതല്‍ 2029 വരെ യുഎസ് താരിഫുകള്‍, താരിഫ് ഇല്ലാത്ത സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്റാരിയോയിലെ തൊഴിലില്ലായ്മാ നിരക്ക് 1.1 ശതമാനം വര്‍ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നാതയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രവചിക്കപ്പെട്ട തൊഴില്‍ നഷ്ടങ്ങളില്‍ ഭൂരിഭാഗവും നിര്‍മാണ മേഖലയിലും അനുബന്ധ വിതരണ ശൃഖംല വ്യവസായങ്ങളിലുമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
മെറ്റല്‍ ഇന്‍ഡസ്ട്രികളെയായിരിക്കും തൊഴില്‍ നഷ്ടം ഏറ്റവും കൂടുതല്‍ ബാധിക്കുക. 17,700 തൊഴിലവസരങ്ങള്‍ ഈ മേഖലയില്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോര്‍ വെഹിക്കിള്‍ പാര്‍ട്‌സ്, മെഷിനറി, ഇലക്ട്രോണിക്‌സ് എന്നീ മേഖലകളിലും തൊഴില്‍ നഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെടും. പ്രവിശ്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നഷ്ടം ബാധിക്കുന്ന പ്രദേശം വിന്‍സറായിരിക്കും. പിന്നാലെ ഗ്വാള്‍ഫ്, ബ്രാന്‍ഡ്‌ഫോര്‍ഡ്, വാട്ടര്‍ലൂ റീജിയണ്‍, ലണ്ടന്‍ എന്നിവയും തൊഴില്‍ നഷ്ടങ്ങള്‍ നേരിടും.