ഒരില പോലുമില്ലാതെ പിങ്കും വെള്ളയും നിറത്തില്‍ പൂത്തുലഞ്ഞ് നില്‍ക്കുന്ന ചെറി ബ്ലോസം മരങ്ങള്‍ സന്ദര്‍ശകരെ മറ്റൊരു ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ഈ വര്‍ഷം ടൊറന്റോ ഹൈ പാര്‍ക്കിലെ ചെറി ബ്ലോസം മരങ്ങള്‍ ഈ ആഴ്ച അവസാനത്തോടെ പൂക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൊറന്റോ സിറ്റി പറയുന്നു. ചെറി ബ്ലോസം പൂവിടുന്നതോടെ പതിനായിരക്കണക്കിന് ആളുകളാണ് വര്‍ഷം തോറും ഹൈ പാര്‍ക്കിലേക്ക് ഒഴുകിയെത്താറ്. ചെറി പൂക്കള്‍ നിറഞ്ഞ മരങ്ങള്‍ നഗരത്തിലെ പ്രധാന ആകര്‍ഷങ്ങളിലൊന്നാണ്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം മാറ്റിപ്പാര്‍പ്പിച്ച ജാപ്പനീസ് കനേഡിയന്‍മാരെ സിറ്റി സ്വീകരിച്ചതിനെ അഭിനന്ദിച്ച് ടോക്കിയേയിലെ ജനങ്ങള്‍ക്ക് വേണ്ടി കാനഡയിലെ ജാപ്പനീസ് അംബാസഡര്‍ ടൊറന്റോ നിവാസികള്‍ക്ക് 1959 ല്‍ സമ്മാനിച്ചതാണ് ഹൈ പാര്‍ക്കിലെ പല സകുറ മരങ്ങളും.
തിങ്കളാഴ്ച മുതല്‍ കാലാവസ്ഥയെ ആശ്രയിച്ച് സാധാരണയായി നാല് മുതല്‍ 10 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ചെറി പൂക്കളുടെ വസന്തകാലത്ത് ടൊറന്റോയിലെ ഏറ്റവും വലിയ പബ്ലിക് പാര്‍ക്കിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സാധാരണ ഏപ്രില്‍ അവസാനം മുതല്‍ മെയ് ആദ്യ ദിവസങ്ങളില്‍ വരെ നീളുന്നതാണ് ടൊറന്റോയിലെ ചെറി പൂക്കളുഠെ വസന്തകാലം. പൂക്കള്‍ പൂക്കുന്ന സമയത്ത് തണുത്ത താപനിലയാണെങ്കില്‍ ആളുകള്‍ക്ക് കൂടുതല്‍ കാലം പൂക്കള്‍ കാണാന്‍ സാധിക്കും. ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ക്കായി വെബ്സൈറ്റ് പരിശോധിക്കുന്നത് തുടരാന്‍ ഹൈ പാര്‍ക്ക് നേച്ചര്‍ സെന്റര്‍ സന്ദര്‍ശകരെ പ്രോത്സാഹിപ്പിക്കുന്നു.