ബ്രിട്ടീഷ് കൊളംബിയയിലെ താമസക്കാര്‍ക്ക് പ്രവിശ്യാ സര്‍ക്കാരിന്റെ ഇലക്ട്രിക് വെഹിക്കിള്‍ റിബേറ്റ് ലഭിക്കാനുള്ള സമയം ഇനി രണ്ടാഴ്ച കൂടിയെന്ന് അധികൃതര്‍ അറിയിച്ചു. ബീസി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഗോ ഇലക്ട്രിക് പാസഞ്ചര്‍ വെഹിക്കിള്‍ റിബേറ്റ് പ്രോഗ്രാം മെയ് 15 ന് താല്‍ക്കാലികമായി അവസാനിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ, കഴിഞ്ഞ വര്‍ഷം വിറ്റഴിച്ച സീറോ-എമിഷന്‍ വാഹനങ്ങളുടെ(ZEV) എണ്ണത്തെക്കുറിച്ചുള്ള പുതിയ ഡാറ്റയും ബീസി സര്‍ക്കാര്‍ പുറത്തിറക്കി.
ഇതുവരെയുള്ള റിബേറ്റ് പ്രോഗ്രാമിന്റെ പുരോഗതിയും ഫെഡറല്‍ സര്‍ക്കാരിന്റെ ഇലക്ട്രിക് വാഹന ഇളവുകള്‍ 2025 ജനുവരിയില്‍ അവസാനിച്ചതും കണക്കിലെടുത്ത് അടുത്ത ഘട്ടം പരിഗണിക്കുന്നതിനായി പ്രവിശ്യാ സര്‍ക്കാര്‍ റിബേറ്റ് പ്രോഗ്രാം താല്‍ക്കാലികമായി നിര്‍ത്തുന്നതായി ബീസി എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് സൊല്യൂഷന്‍സ് മിനിസ്ട്രി പ്രസ്താവനയില്‍ അറിയിച്ചു. വ്യക്തിഗത വരുമാനത്തെയും വാങ്ങുന്ന വാഹന ഇനത്തെയും ആശ്രയിച്ചിരിക്കും ഇലക്ട്രിക് വാഹന റിബേറ്റ് വിതരണം ചെയ്യുന്നത്. 85 കിലോമീറ്ററില്‍ താഴെ ദൂരപരിധിയുള്ള പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ വാങ്ങുന്ന ബീസി നിവാസികള്‍ക്ക് 2,000 ഡോളര്‍ വരെ റിബേറ്റ് ലഭിക്കും.