അട്ടിമറി വിജയവുമായി തെരഞ്ഞെടുപ്പിലെ താരമായി  ബ്രൂസ് ഫാൻജോയി

By: 600110 On: Apr 30, 2025, 2:56 PM

കൺസർവേറ്റീവ് നേതാവ്  പിയറി പൊയിലീവ്രെയുടെ തട്ടകത്തിൽ അപ്രതീക്ഷിത വിജയം സ്വന്തമാക്കി തെരഞ്ഞെടുപ്പിലെ താരമായി  ബ്രൂസ് ഫാൻജോയി. ബിസിനസ് ബിരുദധാരിയായ ബ്രൂസ് ഫാൻജോയ്  വലിയ സ്ഥാപനത്തിലെ മാർക്കറ്റിംഗ് ജോലിക്കിടെയാണ് മത്സര രംഗത്തെത്തിയത്.  പോരാട്ടത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥകളാൽ സമ്പന്നമാണ് ഫാൻ ജോയിയുടെ ജീവിതവഴികൾ.

പത്ത് വയസ്സുള്ള കുട്ടികളുടെ ഹോക്കി അസിസ്റ്റൻ്റ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട് ബ്രൂസ് ഫാൻജോയി.  ഈസ്റ്റേൺ ഒൻ്റാരിയോയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പീഡിയാട്രിക് പാലിയേറ്റീവ് കെയറിനായി പണം സ്വരൂപിക്കാൻ മുന്നിട്ടിറങ്ങിയതും സന്നദ്ധ പ്രവർത്തനവുമെല്ലാം ഫാൻജോയിയെ വ്യത്യസ്തനാക്കുന്നു.  20 വർഷമായി കൈവശം വച്ചിരുന്ന കാൾട്ടൺ മണ്ഡലമാണ് ഫാൻ ജോയിയുടെ കടന്നുവരവോടെ പൊയിലിവ്രെയ്ക്ക്  നഷ്ടമായത്. 15000 വീടുകൾ കയറിയിറങ്ങിയാണ് ഫാൻ ജോയി പ്രചരണം നടത്തിയത്. വോട്ടെണ്ണലിൻ്റെ ഒരു ഘട്ടത്തിലും പൊയിലീവ്രെയ്ക്ക് മുന്നിൽ എത്താൻ കഴിഞ്ഞില്ല. പൊയിലീവ്രെയുടെ തോൽവി കൺസർവേറ്റീവുകൾക്ക് താൽക്കാലികമായെങ്കിലും ഹൗസ് ഓഫ് കോമൺസിൽ ഒരു നേതാവിൻ്റെ അഭാവമുണ്ടാക്കും. 1993-ൽ മുൻ പ്രധാനമന്ത്രി കിം കാംബെൽ പരാജയപ്പെട്ടതിനുശേഷം ഒരു കൺസർവേറ്റീവ് പാർട്ടി നേതാവിന് തിരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെടുന്നത് ഇതാദ്യമായാണ്. അക്കാലത്ത് കാംബെൽ പ്രോഗ്രസീവ് കൺസർവേറ്റീവുകളെ നയിച്ചിരുന്നു. അതാണ് പിന്നീട് ആധുനിക കൺസർവേറ്റീവ് പാർട്ടിയായി മാറിയത്.