കാനഡയിലെ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ജഗ്മീത് സിങ്ങിൻ്റെ നേതൃത്വത്തിലുള്ള എൻ‌ഡി‌പി

By: 600110 On: Apr 30, 2025, 2:30 PM

 

കാനഡയിലെ തെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ് ജഗ്മീത് സിങ്ങിൻ്റെ നേതൃത്വത്തിലുള്ള എൻ‌ഡി‌പി.  63 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്തവണ പാർട്ടിയുടേത്. ഇതോടെ ഔദ്യോഗിക പാർട്ടി പദവിയും നഷ്ടപ്പെട്ടു.  ലിബറൽ പാർട്ടി ഓഫ് കാനഡയ്ക്കും, കൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡയ്ക്കും, ബ്ലോക്ക് ക്യൂബെക്കോയിസിനും പിറകിൽ  നാലാം സ്ഥാനത്തേക്കാണ് എൻഡിപി പിന്തള്ളപ്പെട്ടത്.

1962-ൽ ടോമി ഡഗ്ലസിൻ്റെ കാലഘട്ടത്തിൽ, തങ്ങൾ മത്സരിച്ച ആദ്യ ഫെഡറൽ തിരഞ്ഞെടുപ്പിനുശേഷം എൻഡിപി നേടുന്ന ഏറ്റവും കുറഞ്ഞ സീറ്റുകളാണിത്. ജഗ്മീത് സിങ്ങിൻ്റെ നേതൃത്വത്തിൽ എൻഡിപിക്ക് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ജഗ്മീത് സിങ് ബർണബി സെൻട്രലിൽ തോൽവി വഴങ്ങിയത്, തിരിച്ചടിയുടെ ആഘാതം വീണ്ടും കൂട്ടി.
തിരിച്ചടിക്ക് പിന്നാലെ ഒരു ഇടക്കാല പാർട്ടി നേതാവിനെ തിരഞ്ഞെടുത്ത ശേഷം താൻ രാജിവയ്ക്കുമെന്ന് സിംഗ് പ്രഖ്യാപിച്ചു .
ഔദ്യോഗിക പദവി ലഭിക്കാൻ പാർട്ടിക്ക് കുറഞ്ഞത് 12 സീറ്റുകളാണ് വേണ്ടത്. നിലവിൽ ഏഴ് സീറ്റുകളാണ് എൻഡിപിക്ക് ഉള്ളത്.  ഔദ്യോഗിക പാർട്ടി പദവി നഷ്ടപ്പെടുന്നതോടെ, എൻ‌ഡി‌പിക്ക് അധികാര സ്ഥാനങ്ങളും ഒപ്പം  പാർലമെൻ്റ് നടപടികളെ സ്വാധീനിക്കാനുള്ള അവസരങ്ങളും കുറയും.

1993-ലെ ഫെഡറൽ തിരഞ്ഞെടുപ്പിലാണ് എൻ‌ഡി‌പിയുടെ ഇതിന് മുൻപത്തെ ഏറ്റവും മോശം പ്രകടനം ഉണ്ടായത്.  ഓഡ്രി മക്‌ലോഫ്‌ലിൻ്റെ നേതൃത്വത്തിൽ പാർട്ടി വെറും ഒമ്പത് സീറ്റുകൾ നേടിയപ്പോൾ, 2000-ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ അലക്‌സ മക്‌ഡൊണാഫിന്റെ നേതൃത്വത്തിൽ 13 സീറ്റുകൾ നേടി.  എൻ‌ഡി‌പി 2019-ലെ ഫെഡറൽ തിരഞ്ഞെടുപ്പിൽ 24 സീറ്റുകളും 2021-ലെ തിരഞ്ഞെടുപ്പിൽ 25 സീറ്റുകളും പിടിച്ചെടുത്തിരുന്നു. ആ പാർട്ടിക്കാണ് ഇത്തവണ ഈ തിരിച്ചടി നേരിടേണ്ടി വന്നത്.  ജസ്റ്റിൻ ട്രൂഡോയുടെ  ഗവൺമെൻ്റിൽ  സിംഗും എൻഡിപിയും വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. എൻഡിപിയും ലിബറലുകളും ഒരു കോൺഫിഡൻസ് ആൻഡ് സപ്ലൈ എഗ്രിമെന്റ് രൂപീകരിച്ചു. 2024 സെപ്റ്റംബർ വരെ ഇത് നീണ്ടുനിന്നു. പിന്നീട് എൻഡിപി ലിബറലുകളിൽ നിന്ന് അകലുകയായിരുന്നു.