കാനഡ തുടർച്ചയായി നാലാം തവണയും അധികാരത്തിലെത്തിയത് ലിബറലുകളാണെങ്കിലും വിദ്യാർത്ഥികൾ വോട്ട് ചെയ്ത് ജയിപ്പിച്ചത് കൺസർവേറ്റീവുകളെയാണ്. ഒൻപത് ലക്ഷത്തിലധികം കനേഡിയൻ വിദ്യാർത്ഥികളാണ് മോക്ക് വോട്ടിൽ പങ്കെടുത്തത്.
ഫെഡറൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന ഈ വർഷത്തെ CIVIX വിദ്യാർത്ഥി വോട്ടിൽ രാജ്യത്തുടനീളമുള്ള 5,900 സ്കൂളുകളിൽ നിന്നുള്ള ഒൻപത് ലക്ഷത്തിലധികം എലിമെൻ്ററി, ജൂനിയർ ഹൈസ്കൂൾ, ഹൈസ്കൂൾ വിദ്യാർത്ഥികളാണ് വോട്ട് രേഖപ്പെടുത്തിയത്. ജനാധിപത്യത്തെയും തിരഞ്ഞെടുപ്പുകളെയും കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധമുണ്ടാക്കാനും പൗരബോധം ഉണ്ടാക്കിയെടുക്കാനും വേണ്ടിയാണ് മോക്ക് വോട്ടിംഗ് നടത്തുന്നത്. പഠിച്ചും പാർട്ടികളെയും പ്ലാറ്റ്‌ഫോമുകളെയും കുറിച്ച് ഗവേഷണം നടത്തിയും സംവാദങ്ങളിൽ പങ്കെടുത്തുമാണ് വിദ്യാർഥികൾ,തങ്ങളുടെ ഇലക്ടറൽ ഡിസ്ട്രിക്റ്റിൽ മത്സരിക്കുന്ന ഔദ്യോഗിക സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്തത്. വിദ്യാർത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രകാരം കൺസർവേറ്റീവ് പാർട്ടി 165 സീറ്റുകളും ഒപ്പം ജനകീയ വോട്ടിന്റെ 36.4 ശതമാനവും നേടി ന്യൂനപക്ഷ സർക്കാർ രൂപീകരിച്ചു. ഒൻ്റാരിയോയിലെ കാൾട്ടണിൽ പിയറി പൊയിലീവ്രെ വിജയിച്ചു. ലിബറൽ പാർട്ടി 145 സീറ്റുകളും 31.7 ശതമാനം ജനകീയ വോട്ടും നേടി, ഔദ്യോഗിക പ്രതിപക്ഷമായി. ഒൻ്റാരിയോയിലെ നേപ്പിയനിൽ നടന്ന തിരഞ്ഞെടുപ്പിൽ മാർക്ക് കാർണി വിജയിക്കുകയും ചെയ്തു. ബ്ലോക്ക് ക്യൂബെക്കോയിസ് 18 സീറ്റുകളും 2.1 ശതമാനം പോപ്പുലർ വോട്ടുകളും നേടി.