കഴിഞ്ഞ വര്‍ഷം കാനഡയിലുടനീളം നടന്ന വിവിധ തൊഴില്‍ തട്ടിപ്പുകളില്‍ 2,300 ല്‍ അധികം പേര്‍
ഇരയായതായി റിപ്പോര്‍ട്ട്. തട്ടിപ്പുകളില്‍ 49 മില്യണ്‍ ഡോളറിലധികം നഷ്ടപ്പെട്ടതായും കണക്കുകള്‍ പറയുന്നു. വര്‍ഷംതോറും തട്ടിപ്പുകള്‍ വര്‍ധിക്കുകയാണെന്നും സ്ഥിതി വഷളാവുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തട്ടിപ്പുകളിരകളാകുന്ന ആളുകളുടെ എണ്ണവും തുകയും ഇതിലും കൂടുതലായിരിക്കുമെന്ന് കനേഡിയന്‍ ആന്റി-ഫ്രോഡ് സെന്ററിലെ(CAFC) ക്ലയ്ന്റും കമ്മ്യൂണിക്കേഷന്‍സ് ഔട്ട്‌റീച്ച് ഓഫീസറുമായ ജെഫ് ഹോണ്‍കാസില്‍ പറയുന്നു.
കാനഡയില്‍ തട്ടിപ്പ് വളരെ കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. യഥാര്‍ത്ഥ കണക്കുകള്‍ പ്രകാരം സിഎഎഫ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അഞ്ട് മുതല്‍ 10 ശതമാനം വരെ സംഭവങ്ങള്‍ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 മുതല്‍ 2024 വരെ നഷ്ടങ്ങള്‍ നാലിരട്ടിയായി വര്‍ധിച്ചു. തൊഴില്‍ തട്ടിപ്പുകള്‍ മൂലമുള്ള നഷ്ടങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2025 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ രാജ്യത്ത് 580 ഓളം പേര്‍ക്ക് 22.7 മില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടതായാണ് കണക്കുകള്‍. ഇന്‍വെസ്റ്റ്‌മെന്റ്, ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുകള്‍ക്ക് ശേഷം ഏറ്റവും അപകടകരമായ തട്ടിപ്പാണ് തൊഴില്‍ തട്ടിപ്പുകള്‍. തൊഴില്‍ തട്ടിപ്പിലൂടെയുള്ള ശരാശരി നഷ്ടം 1,500 ഡോളറാണ്.
ഹോണ്‍കാസിലിന്റെ അഭിപ്രായത്തില്‍, തട്ടിപ്പിന് ഇരയായവരില്‍ ഭൂരിഭാഗം പേര്‍ക്കും തങ്ങള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ ലഭിക്കുന്നില്ല. തട്ടിപ്പിന് ഇരയായവര്‍, പണം നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ കൂടി സിഎഎഫ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.