ഇന്ത്യ - കാനഡ ബന്ധത്തിൽ പുതിയൊരു തുടക്കത്തിൻ്റെ പ്രതീക്ഷ നല്കി മാർക് കാർണിയുടെ വിജയം

By: 600110 On: Apr 29, 2025, 11:31 AM

 

കാനഡയിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിൽ ഉള്ള ലിബറൽ സർക്കാർ അധികാരത്തിൽ എത്തുമ്പോൾ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ ഗുണപരമായ മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധർ. കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവി സംബന്ധിച്ചും,  ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും കാർണി ഇതിനോടകം താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

2023 സെപ്റ്റംബറിൽ ബ്രിട്ടീഷ് കൊളംബിയയിൽ വച്ച്, ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ്  ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം  വഷളായത്.  ഇത് പിന്നീട്  വലിയൊരു നയതന്ത്ര വിടവിലേക്കാണ്  നയിച്ചത്. നയതന്ത്ര പുറത്താക്കലുകൾ, വിസ നിയന്ത്രണങ്ങൾ തുടങ്ങിവയും ഇതിൻ്റെ ഭാഗമായി അരങ്ങേറി. 2023-ൽ ഉഭയകക്ഷി വ്യാപാരം 13.49 ബില്യൺ കനേഡിയൻ ഡോളറിൽ എത്തിയെങ്കിലും, രാഷ്ട്രീയ ഭിന്നതകൾ കാരണം കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക സഹകരണം തടസ്സപ്പെട്ടിരുന്നു. ഇത് പുനഃസ്ഥാപിക്കുന്നതിന് കാർണി സന്നദ്ധ പ്രകടിപ്പിച്ചതാണ് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള ബന്ധത്തിൽ പ്രതീക്ഷ നല്കുന്നത്.  അടുത്തിടെ കാൽഗറിയിൽ നടന്ന ഒരു മാധ്യമ സംവാദത്തിൽ, കാനഡയുടെ വ്യാപാര പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന പങ്കാളി ഇന്ത്യയാണെന്ന് കാർണി വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായി നല്ല നയതന്ത്ര ബന്ധമാണ് കാർണി ആഗ്രഹിക്കുന്നതെന്ന് ഇത് സൂചിപ്പിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. 

കാനഡയിലെ 427,000 പേരടങ്ങുന്ന അന്താരാഷ്ട്ര വിദ്യാർത്ഥി സമൂഹത്തിൽ ഒരു പ്രധാന ഭാഗം ഇന്ത്യൻ വിദ്യാർത്ഥികളാണ്. ഈ വിദ്യാർഥികളുടെ ഭാവി ഇന്ത്യയെ സംബന്ധിച്ച് ഏറെ പ്രധാനമാണ്.  കാനഡയുടെ ഭവന, അടിസ്ഥാന സൗകര്യ പ്രതിസന്ധി പരിഹരിക്കുന്നതിൻ്റെ ഭാഗമായി കുടിയേറ്റത്തിനും അന്താരാഷ്ട്ര വിദ്യാർത്ഥി പ്രവേശനത്തിനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നൊരു സമീപനമാണ് സമീപ കാലത്ത് ലിബറൽ പാർട്ടിയുടേത്.  2027 അവസാനത്തോടെ അന്താരാഷ്ട്ര വിദ്യാർത്ഥികളും താൽക്കാലിക തൊഴിലാളികളും ഉൾപ്പെടുന്ന കുടിയേറ്റ സംഖ്യ പരിമിതപ്പെടുത്തും എന്നാണ് ലിബറൽ പാർട്ടി പ്രഖ്യാപിച്ചിട്ടുള്ളത്. അങ്ങനെ എങ്കിൽ കാനഡയിലേക്കുള്ള വിദേശ വിദ്യാർത്ഥികളുടെ വരവ് കുറയും. ഇത് ഇന്ത്യൻ വിദ്യാർഥികളെയും ബാധിക്കാനാണ് സാധ്യത.  വിദേശ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അംഗീകാരം കാര്യക്ഷമമാക്കുന്നതിനും ഇമിഗ്രേഷൻ പ്രോസസ്സിംഗ് സമയം വേഗത്തിലാക്കുന്നതിനുമുള്ള പദ്ധതികളും ലിബറലുകളുടെ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.