വ്യാപാര യുദ്ധത്തെ തുടർന്ന് കാനഡയിൽ ടെസ്‌ല കാറുകളുടെ വില 20 ശതമാനം ഉയർന്നു

By: 600110 On: Apr 29, 2025, 10:18 AM

വ്യാപാര യുദ്ധം കാരണം കാനഡയിൽ ടെസ്‌ല കാറുകളുടെ വില 20 ശതമാനം ഉയർന്നു.  ടെസ്ലയുടെ എല്ലാ മോഡലുകൾക്കും വില വർദ്ധന നേരിടുന്നുണ്ട്.  എന്നാൽ വിൽപ്പന മന്ദഗതിയിൽ ആയതിനാൽ പല കാറുകൾക്കും ഓഫറുകൾ ലഭിക്കുന്നുണ്ട്.  ടെസ്‌ല വൈഎസ് മോഡൽ വില  ഇപ്പോൾ CDN$90,000-ലേക്ക് അടുക്കുകയാണ്. അതേ സമയം രാജ്യത്ത് നിലവിലുള്ള പ്രീ-താരിഫ് ഇൻവെൻ്ററികൾക്ക് വിലവർദ്ധനവ് ബാധകമല്ല.

തെരഞ്ഞെടുപ്പിൽ ട്രംപിന് ധനസഹായം നൽകിയതിനൊപ്പം,  താരിഫ് നയങ്ങൾ നടപ്പിലാക്കാൻ സഹായിക്കുകയും ചെയ്തയാളാണ് ഇലോൺ മസ്ക്ക്. ഒടുവിൽ ഇലോൺ മസ്കിൻ്റെ കമ്പനിയായ ടെസ്ല പോലും താരിഫ് കാരണം തിരിച്ചടികൾ നേരിടുകയാണെന്ന് വിദഗ്ദ്ധർ പറയുന്നു. കാനഡയിൽ ടെസ്ല കമ്പനിയുടെ കാറുകളുടെ വില  വർദ്ധിപ്പിച്ചതായി ഡ്രൈവ് ടെസ്‌ല കാനഡ റിപ്പോർട്ട് ചെയ്യുന്നു. ചില മോഡലുകൾക്ക്  $30,000 വരെയാണ് കൂട്ടിയത്. കാനഡയിൽ ഈ വർഷം ഇതിനോടകം ചുമത്തിയ നിരവധി റൗണ്ട് വില വർദ്ധനവുകൾക്ക് പുറമെയാണിത്. പുനർരൂപകല്പന ചെയ്തിറക്കിയ ടെസ്‌ല മോഡലായ Y ലോംഗ്-റേഞ്ച് ഓൾ-വീൽ-ഡ്രൈവ് വില ഇപ്പോൾ $84,990 ആണ്.  പഴയ മോഡലിനെ അപേക്ഷിച്ച്  $15,000  വർദ്ധനവ്.   സർചാർജുകളും ഡെസ്റ്റിനേഷൻ ഫീസും  കൂടി ചേർത്താൽ വിൽപ്പന നികുതിക്ക് മുമ്പ് തുക $87,608 ആയി ഉയരും . അതേ സമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിൽ ടെസ്ലയുടെ കാർ വിൽപ്പനയിൽ 20% ഇടിവാണുണ്ടായത്. ലാഭം 70 ശതമാനത്തിൽ അധികം കുറയുകയും ചെയ്തു.