വാന്‍കുവര്‍ ഫിലിപ്പിനോ ഫെസ്റ്റിവല്‍ ദുരന്തം: പ്രതിയെ സംഭവത്തിന് ഒരു ദിവസം മുമ്പ് കണ്ടതായി പോലീസിന്റെ വെളിപ്പെടുത്തല്‍ 

By: 600002 On: Apr 29, 2025, 7:56 AM

 

വാന്‍കുവറില്‍ ഫിലിപ്പിനോ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ആളുകള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി 11 ഓളം പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വാന്‍കുവര്‍ പോലീസ്. വരും ദിവസങ്ങളില്‍ പ്രതി കൈ-ജി-ആദം ലോയ്‌ക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയേക്കുമെന്ന് വിപിഡി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സര്‍ജന്റ് സ്റ്റീവ് അഡിസണ്‍ പറഞ്ഞു. നിലവില്‍ കസ്റ്റഡിയില്‍ തുടരുന്ന പ്രതിക്കെതിരെ സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റമാണ് ചുമത്തിയിരിക്കുന്നത്. 

ദാരുണമായ സംഭവത്തിന് ഒരു ദിവസം മുമ്പ് പോലീസ് പ്രതിയെ കണ്ടുമുട്ടിയതായി പറയുന്നു. എന്നാല്‍ അത് എന്തെങ്കിലും കുറ്റകൃത്യവുമായി ബന്ധപ്പെട്ടിട്ടല്ലെന്നും പ്രതി മാനസികാരോഗ്യ പ്രശ്‌നങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നും അഡിസണ്‍ പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മരിച്ചവരില്‍ ഒമ്പത് പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്മാരുമാണെന്ന് പോലീസ് പറഞ്ഞു. മെട്രോ വാന്‍കുവറിലുള്ള വിവിധ സമൂഹങ്ങളിലുള്ളവരാണിവര്‍. 

അതേസമയം, പ്രതിയുമായി കൂടിക്കാഴ്ച നടന്നത് എവിടെയാണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വാന്‍കുവറിലല്ല നടന്നതെന്ന് മാത്രം അഡിസണ്‍ പ്രതികരിച്ചു. കൂടുതലൊന്നും വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. 

ശനിയാഴ്ച വാന്‍കുവറില്‍ നടന്ന ലാപു ലാപു ഫിലിപ്പിനോ ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ ആള്‍ക്കൂട്ടത്തിന് നേരെയാണ് വാഹനം ഇടിച്ചുകയറിയത്. ദുരന്തത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഏഴ് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.