യുഎസ് ഒപ്പുവയ്ക്കുന്ന ആദ്യ വ്യാപാര കരാറുകളിൽ ഇന്ത്യയും, ചൈനക്ക് പ്രശ്നം ലഘൂകരിക്കാൻ ആഗ്രഹം; ട്രഷറി സെക്രട്ടറി

By: 600007 On: Apr 28, 2025, 4:34 PM

 

 

വാഷിംഗ്ടൺ: യുഎസിന്റെ പല മുൻനിര ട്രേഡിങ് പാർട്ണർമാരും യുഎസ് താരിഫ് ഒഴിവാക്കാൻ വളരെ നല്ല നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിട്ടുണ്ടെന്നും അത്തരത്തിൽ ഒപ്പുവയ്ക്കുന്ന ആദ്യ കരാറുകളിൽ ഒന്ന് ഇന്ത്യയുമായുള്ളതായിരിക്കുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ്. ഞങ്ങൾ ഒപ്പിടുന്ന ആദ്യ വ്യാപാര കരാറുകളിൽ ഒന്നായിരിക്കും ഇന്ത്യയുടേത് എന്ന് ഞാൻ കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞതായി സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു. 

ജപ്പാനുമായും യുഎസ് വളരെ കാര്യമായ ചർച്ചകൾ നടത്തിയിട്ടുണ്ട്. മറ്റ് ഏഷ്യൻ ട്രേഡിങ് പാർട്ണർമാരുമായുള്ള പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് പ്രസിഡന്റ് വാൻസ് കഴിഞ്ഞ ആഴ്ച ഇന്ത്യയിലായിരുന്നു. എങ്ങനെ പുരോഗതിയുണ്ടാക്കാമെന്നതായിരുന്നു ചർച്ചകളിലെ ഊന്നൽ. ഇത്തരത്തിലുള്ള ആദ്യത്തെ വ്യാപാര കരാർ ഈ ആഴ്ചയോ അടുത്ത ആഴ്ചയോ നിലവിൽ വരാൻ സാധ്യതുണ്ടെന്നും ബെസെന്റ് പറഞ്ഞു. 

ചില യുഎസ് ഉൽപ്പന്നങ്ങളെ പ്രതികാര തീരുവകളിൽ നിന്ന് ഒഴിവാക്കാനുള്ള ചൈനയുടെ സമീപകാല നീക്കങ്ങൾ, അമേരിക്കയുമായുള്ള വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കാൻ ചൈന ആഗ്രഹിക്കുന്നതിന്റെ തെളിവാണ്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള ഈ യുദ്ധം അവസാനിപ്പിക്കാനുളള ചർച്ചകൾക്ക് അമേരിക്ക മുന്‍കയ്യെടുക്കുമോ എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് ചൈന അധിക നാൾ ഇങ്ങനെ പിടിച്ചു നിൽക്കില്ലെന്നും ഇങ്ങോട്ട് വിളി വരുമെന്നും അദ്ദേഹം പരിഹസിച്ചു.