മെട്രോ വാൻകൂവർ മേഖലയിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ എണ്ണം കൂടുന്നു എങ്കിലും ആവശ്യകതയും ലഭ്യതയും തമ്മിൽ വലിയ അസന്തുലിതാവസ്ഥ തുടരുകയാണെന്ന് പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പുതിയ റീജിയണൽ ഹൗസിംഗ് നീഡ്സ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2020 നും 2024 നും ഇടയിൽ പ്രതിവർഷം ശരാശരി 23,424 പുതിയ വീടുകളാണ് നിർമ്മിച്ചത്. എന്നാൽ 2022 മുതൽ 2041 വരെയുള്ള കാലയളവ് കണക്കിലെടുക്കുമ്പോൾ ജനങ്ങളുടെ ആവശ്യകതയ്ക്ക് അനുസരിച്ച് ഭവന നിർമ്മാണം 61 ശതമാനം എങ്കിലും വർദ്ധിപ്പിക്കേണ്ടതുണ്ട്. അതായത് പ്രതിവർഷം ശരാശരി 37,757 യൂണിറ്റുകളായി നിർമ്മാണം ഉയർത്തണം. ഇതിനായി നിലവിൽ ഉള്ളതിനേക്കാൾ 14,333 വീടുകൾ കൂടുതൽ പൂർത്തിയാക്കേണ്ടതുണ്ട്. അടുത്ത കാലത്ത് ജനസംഖ്യയിലുണ്ടായ വളർച്ചയെത്തുടർന്ന്, വീട് ആവശ്യമുള്ളവരുടെ എണ്ണം കൂടുകയാണ്. നിലവിലെ കണക്കുകൾ വച്ച് വിലയിരുത്തുമ്പോൾ, 2022 നും 2026 നും ഇടയിൽ, പ്രതിവർഷം ശരാശരി 22,668 വീടുകളുടെ കുറവുണ്ട്. ഈ വിടവ് നികത്താൻ, വാർഷിക പൂർത്തീകരണ നിരക്ക് 97 ശതമാനം ഉയർന്ന് പ്രതിവർഷം 46,092 യൂണിറ്റുകളിലെത്തേണ്ടതുണ്ട്.
2016 നും 2021 നും ഇടയിൽ, വീടുകളുടെ ഉയർന്ന വില കാരണം മെട്രോ വാൻകൂവറിൽ വാടകക്കാർ 36 ശതമാനത്തിൽ നിന്ന് 38 ശതമാനമായി വർദ്ധിച്ചു. അതേസമയം ഉടമകൾ 64 ശതമാനത്തിൽ നിന്ന് 62 ശതമാനമായി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്യുന്നു. വീട് സ്വന്തമാക്കാൻ കഴിയില്ലെന്ന തോന്നൽ കൂടുതൽ പേരെ വീടുകൾ വാടകയ്ക്കെടുക്കാൻ പ്രേരിപ്പിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.