കാനഡയിലെ  വാൻകൂവറിൽ ജനക്കൂട്ടത്തിനിടയിലേക്ക്  വാഹനം ഓടിച്ചുകയറ്റി, 11 പേർ മരിച്ചു

By: 600110 On: Apr 28, 2025, 2:55 PM

കാനഡയിലെ  വാൻകൂവർ നഗരത്തിൽ ജനക്കൂട്ടത്തിനിടയിലേക്ക്  വാഹനം ഓടിച്ചുകയറ്റി. 11 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഫിലിപ്പീൻസുകാരുടെ ദേശീയോത്സവത്തിനിടെയായിരുന്നു സംഭവം.  വാഹനം ഓടിച്ച വാൻകൂവർ സ്വദേശിയായ മുപ്പതുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. സംഭവം ഭീകരാക്രമണം അല്ലെന്നും പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും പൊലീസ് പറഞ്ഞു.

ഫ്രേസർ സ്ട്രീറ്റിൽ ഈസ്റ്റ് 41 അവന്യൂവിൽ പ്രാദേശികസമയം  രാത്രി എട്ട് മണിക്കായിരുന്നു സംഭവം . ആഘോഷത്തിന് ഇടയിലേക്ക് ഇരുണ്ട നിറമുള്ള എസ് യു വി ഓടിച്ചു കയറ്റുകയായിരുന്നു. യുവാവിനെ നാട്ടുകാർ പിടിച്ചു കെട്ടി പൊലീസിനെ ഏൽപ്പിച്ചു. കാനഡ ന്യൂ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ജഗ്‌മീത് സിങ് ചടങ്ങിൽ പങ്കെടുത്തു മടങ്ങി മിനിറ്റുകൾ കഴിഞ്ഞാണ് ആക്രമണം ഉണ്ടായത്. അഞ്ച് മുതൽ 65 വയസ്സ് വരെയുള്ളവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  ഫിലിപ്പിനോ ചരിത്രപുരുഷനായ ഡാറ്റു ലപൂ ലുപുവിൻ്റെ സ്മരണയ്ക്കാണ് ആഘോഷം  നടത്തുന്നത്. രാത്രി എട്ട് മണിയോടെ ആഘോഷങ്ങൾ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ എട്ട് മണി കഴിഞ്ഞും ഒട്ടേറെപ്പേർ സംഭഴ സ്ഥലത്ത് ഉണ്ടായിരുന്നു. ഇവരാണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റവർ വാൻകൂവറിലെ ഒൻപത് വിവിധ ആശുപത്രികളിലായി ചികിൽസയിലാണ്. 

സംഭവവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം ലഭിക്കാനുണ്ടെന്ന് വാൻകൂവറിലെ ഇടക്കാല പൊലീസ് മേധാവി സ്റ്റീവ് റായ് പറഞ്ഞു. നൂറോളം പൊലീസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘം അന്വേഷണം തുടരുകയാണ്