പാകിസ്ഥാന് മിസൈൽ സഹായം നൽകാനുള്ള ചൈനീസ് നീക്കത്തിനിടെ അമേരിക്കയുടെ പ്രഖ്യാപനം, 'ഇന്ത്യക്ക് ഒപ്പം തന്നെ'

By: 600007 On: Apr 28, 2025, 2:42 PM

 

 

 

 

ദില്ലി: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാകിസ്ഥാന് മിസൈൽ അടക്കമുള്ള സഹായം നല്കാൻ ചൈന ഒരുങ്ങുന്നതിനിടെ, ഇന്ത്യക്ക് പിന്തുണ ആവർത്തിച്ച് അമേരിക്ക. പഹൽഗാം ആക്രമണത്തിൽ ഇന്ത്യയുടെ കൂടെ നിൽക്കുന്നുവെന്ന് അമേരിക്ക വ്യക്തമാക്കി. യുഎസ് ഇന്ത്യയ്‌ക്കൊപ്പം നിൽക്കുകയും എല്ലാ ഭീകരപ്രവർത്തനങ്ങളെയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും പ്രസ്താവനകൾ ആവർത്തിച്ചുകൊണ്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് വ്യക്തമാക്കി. 

എല്ലാ കാലത്തെയും സുഹൃത്തായ ചൈനയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ കൂടെയുണ്ട് എന്നാണ് ചൈന ഇതിനു ശേഷം പ്രസ്താവന ഇറക്കിയത്. ഭീകരവാദത്തെ അനുകൂലിക്കുന്ന നിലപാടായാണ് ഇന്ത്യ ചൈനയുടെ പ്രസ്താവനയെ കാണുന്നത്. ഇക്കാര്യത്തിലെ അതൃപ്തി ചൈനയെ അറിയിക്കും. ചൈന പാകിസ്ഥാന് മിസൈലും തുർക്കി വിമാനങ്ങളും നല്കും എന്ന റിപ്പോർട്ടുകളുമുണ്ട്.

അഫ്ഗാൻ വിദേശകാര്യമന്ത്രി അമീർ ഖാൻ മുതാഖിയുമായി വിദേശകാര്യ ജോയിൻറ് സെക്രട്ടറി ആനന്ദ് പ്രകാശ് ഇന്നലെ കൂടിക്കാഴ്ച നടത്തിയത് താലിബാൻ പാകിസ്ഥാനൊപ്പം നില്ക്കരുത് എന്ന സന്ദേശം നല്കാനാണ്. ശശി തരൂരും അസദുദ്ദീൻ ഉവൈസിയും അടക്കമുള്ള എംപിമാരെ ഗൾഫ് രാജ്യങ്ങളിലയച്ച് ഇന്ത്യ സ്ഥിതി ബോധ്യപ്പെടുത്തുമെന്ന റിപ്പോർട്ടുമുണ്ട്. എന്തായാലും ചൈനയുടെയും തുർക്കിയുടെയും സഹായത്തോടെ പാകിസ്ഥാൻ ഉയർത്തുന്ന ഭീഷണി തൽക്കാലം കാര്യമാക്കേണ്ടതില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.