ബ്രാംപ്ടണിലെ വാഹനമോഷണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ബ്രാംപ്ടണ്‍ സ്വദേശിയായ ചാര്മീത് മാത്താരു(29) അറസ്റ്റിലായതായി പീല്‍ പോലീസ് അറിയിച്ചു. മറ്റൊരു പ്രതി ഇന്ത്യന്‍ വംശജനായ നിഖില്‍ സിദ്ദു(26)വിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 2023 നവംബറിലായിരുന്നു പ്രതികള്‍ വാഹനങ്ങള്‍ മോഷ്ടിച്ചത്. തുടര്‍ന്ന് ഇരുമോഷ്ടാക്കളും ഒളിവില്‍ പോവുകയായിരുന്നു.
ആഢംബര വാഹനങ്ങള്‍ വാടകയ്ക്ക് നല്കുന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തി നിരവധി വാഹനങ്ങളുടെ താക്കോലുകളും 750,000 ഡോളര്‍ വില വരുന്ന രണ്ട് ആഢംബര വാഹനങ്ങളുമാണ് മോഷ്ടിച്ചത്. തുടര്‍ന്ന് ദീര്‍ഘകാലമായി നടത്തിയ അന്വേഷണത്തിനൊടുവില്‍ മോഷ്ടിച്ച വാഹനങ്ങള്‍ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഏപ്രില്‍ 1 ന് ചാര്മീത് മാത്താരുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, നിഖില്‍ സിദ്ദുവിനെതിരെ പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.