ശനിയാഴ്ച പുലര്‍ച്ചെ കോമണ്‍വെല്‍ത്ത് ബാര്‍ ആന്‍ഡ് സ്‌റ്റേജിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ 21 വയസ്സുള്ള യുവാവ് മരിച്ചു. പുലര്‍ച്ചെ 1.55 ഓടെയാണ് സംഘര്‍ഷം നടന്നതെന്ന് കാല്‍ഗറി പോലീസ് സര്‍വീസ് പറഞ്ഞു. സംഘര്‍ഷത്തിനിടെ കുത്തേറ്റ രണ്ട് പേരെ സ്ഥലത്തെത്തിയ പോലീസ് ആശുപത്രിയിലെത്തിച്ചു. ഫൂട്ട്ഹില്‍സ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കാല്‍ഗറി പോലീസ് ഹോമിസൈഡ് യൂണിറ്റ് സ്റ്റാഫ് സര്‍ജന്റ് സീന്‍ ഗ്രെഗ്‌സണ്‍ പറഞ്ഞു. മൂന്നാമതൊരാള്‍ സംഭവത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ എത്തിയിരുന്നു. ഒരാളുടെ ആരോഗ്യനിലയില്‍ മാറ്റമില്ലെന്നും ഒരാള്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടെന്നും പോലീസ് പറഞ്ഞു.
സംഘര്‍ഷമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട നിരവധി പേരെ കണ്ടെത്തുന്നതിനായി കാനൈന്‍ യൂണിറ്റിനെ നിയോഗിച്ചു. സംശയമുളള നാല് പേര്‍ നിലവില്‍ കസ്റ്റഡിയിലുണ്ടെന്ന് കാല്‍ഗറി പോലീസ് അറിയിച്ചു. സംഘര്‍ഷത്തിന് ഏതെങ്കിലും ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും പോലീസ് പറയുന്നു. ലഹരിക്കടിമയായ യുവാക്കള്‍ തമ്മിലുണ്ടായ സംഘര്‍ഷമെന്നാണ് പ്രാഥമിക നിഗമനമെന്നും മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ട യുവാക്കളെല്ലാം മദ്യലഹരിയിലായിരുന്നുവെന്നും ഗ്രെഗ്‌സണ്‍ പറഞ്ഞു.
അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഗ്രെഗ്‌സണ്‍ കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ തയാറായിട്ടില്ല. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ വീഡിയോ ദൃശ്യങ്ങളോ കയ്യിലുള്ളവര്‍ കാല്‍ഗറി പോലീസുമായോ ക്രൈം സ്‌റ്റോപ്പേഴ്‌സുമായോ ബന്ധപ്പെടണമെന്ന് കാല്‍ഗറി പോലീസ് പറഞ്ഞു.