അഞ്ചാംപനി കേസുകള്‍ ഉയരുന്നു: മുന്നറിയിപ്പ് നല്‍കി ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍;  ഹെല്‍ത്ത് ക്യാമ്പയിന്‍ നടത്തണമെന്ന് ആവശ്യം 

By: 600002 On: Apr 28, 2025, 9:06 AM

 

 

പ്രവിശ്യയില്‍ അഞ്ചാംപനി കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ വേഗത്തിലാക്കണമെന്ന് ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍. മാര്‍ച്ച് മുതല്‍ ആകെ 137 കേസുകളാണ് ആല്‍ബെര്‍ട്ട ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 123 കേസുകളുടെ റെക്കോര്‍ഡ് ഇതോടെ മറികടന്നു. ആഴ്ചകള്‍ക്കുള്ളില്‍ അഞ്ചാംപനി കേസുകളുടെ എണ്ണം ആയിരം കടന്നേക്കാമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നതായി ആല്‍ബെര്‍ട്ട മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.ഷെല്ലി ഡഗ്ഗന്‍ പറഞ്ഞു. 

പ്രവിശ്യയില്‍ പതിവായി ആഴ്ചതോറുമുള്ള പൊതുസമ്മേളനങ്ങള്‍ നടത്തണമെന്നും പൊതുജനങ്ങള്‍ക്ക് ബോധവത്കരണ സന്ദേശമയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും വാക്‌സിനേഷന്‍ നിരക്ക് കുറവുള്ള പ്രദേശങ്ങളില്‍ ബൂസ്റ്റര്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കണമെന്നും അവര്‍ വ്യക്തമാക്കി. ഓരോ അഞ്ചാംപനി കേസിലും സമ്പര്‍ക്കമുണ്ടായാല്‍ 18 പേര്‍ക്ക് വരെ രോഗം പിടിപെടാമെന്ന് അവര്‍ പറയുന്നു. 

രോഗം ബാധിച്ചവരില്‍ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത്. ഒന്‍പതി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പുകളില്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഡഗ്ഗന്‍ ചൂണ്ടിക്കാട്ടി.