വാന്‍കൂവറില്‍ കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി; 11 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക് 

By: 600002 On: Apr 28, 2025, 8:39 AM


 


പി പി ചെറിയാന്‍

 

ശനിയാഴ്ച നഗരത്തിലെ ഫിലിപ്പിനോ സമൂഹം സംഘടിപ്പിച്ച വാര്‍ഷിക ലാപു ലാപു ഉത്സവത്തിനിടെ കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി 11 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഘോഷം നടന്നിരുന്ന ഫ്രേസര്‍ സ്ട്രീറ്റിനും 41 അവന്യുവിനും സമീപത്തുണ്ടായിരുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഒരാള്‍ വാഹനം ഓടിച്ചു കയറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉത്സവം അവസാനിക്കുമ്പോള്‍ നൂറുകണക്കിന് ആളുകള്‍ സ്ഥലത്തുണ്ടായിരുന്നു.

വരും ദിവസങ്ങളില്‍ മരണസംഖ്യ ഉയര്‍ന്നേക്കാമെന്ന് ഇടക്കാല പോലീസ് മേധാവി സ്റ്റീവ് റായ് പറഞ്ഞു. ആക്രമണത്തില്‍ വാന്‍കൂവറിലെ ഫിലിപ്പിനോ സമൂഹം ഞെട്ടലിലും ദുഃഖത്തിലുമാണ്.

മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പോലീസ് കരുതുന്ന 30 വയസ്സുള്ള ഒരു പ്രതിയെ ആക്രണവുമായി ബന്ധപെട്ടു കസ്റ്റഡിയിലെടുത്തു. ഇത് ഒരു തീവ്രവാദ പ്രവര്‍ത്തനമാണെന്ന് പോലീസ് വിശ്വസിക്കുന്നില്ലെന്നും പക്ഷേ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ലെന്നും റായ് പറഞ്ഞു.

പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി സംഭവത്തെ അപലപിച്ചു. ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അദ്ദേഹം അനുശോചനം അറിയിച്ചു.