കാനഡയിൽ ഏറ്റവും കൂടുതൽ അഡ്വാൻസ് വോട്ടിംഗ് നടന്നത് കൺസർവേറ്റീവ് നേതാവ് പിയറി പൊയ്ലിവ്രെ മല്സരിക്കുന്ന കാൾട്ടൺ മണ്ഡലത്തിൽ എന്ന് ഇലക്ഷൻ കാനഡ. കാനഡയിലെ മറ്റേതൊരു മണ്ഡലത്തേക്കാളും കൂടുതൽ വോട്ടർമാർ കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെയുടെ മണ്ഡലത്തിൽ എത്തി പോളിംഗ് രേഖപ്പെടുത്തിയെന്ന് ഇലക്ഷൻ കാനഡ പറയുന്നു.
ഏപ്രിൽ 18 മുതൽ 21 വരെ കാൾട്ടൺ റൈഡിംഗിൽ ഏകദേശം 44,000 വോട്ടുകൾ രേഖപ്പെടുത്തിയതായാണ് ഇലക്ഷൻസ് കാനഡ പുറത്തുവിട്ട കണക്കുകളിലുള്ളത്. ഇത് ഇവിടത്തെ ആകെ വോട്ടർമാരുടെ 40 ശതമാനത്തിൽ അധികം വരും. 2021-ൽ കാൾട്ടണിൽ ആകെ ഏകദേശം 71,000 പേർ വോട്ട് ചെയ്തു. ഏകദേശം 31,000 പേർ മുൻകൂട്ടി വോട്ട് ചെയ്തു. പൊയ്ലിവ്രെയുടെ സീറ്റ് നഷ്ടപ്പെടുമെന്ന റിപ്പോർട്ടുകൾക്കെതിരെ കൺസർവേറ്റീവുകൾ തിരിച്ചടിക്കുന്നതിനിടെയാണ് ഈ പുതിയ ഡാറ്റ ഇലക്ഷൻസ് കാനഡ പുറത്തുവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് പരിഷ്കരണത്തിനായുള്ള ബാലറ്റ് പ്രതിഷേധത്തിൻ്റെ പ്രധാന കേന്ദ്രവും കാൾട്ടൺ മണ്ഡലം തന്നെയാണ്. ഇവിടെ 90 സ്ഥാനാർത്ഥികളാണ് മത്സരിക്കാനുള്ളത്.
ലിബറൽ നേതാവ് മാർക്ക് കാർണി ഉൾപ്പെടെ അഞ്ച് സ്ഥാനാർത്ഥികൾ മത്സരിക്കുന്ന നേപ്പിയൻ മണ്ഡലത്തിൽ ഏകദേശം 32,700 ബാലറ്റുകൾ മുൻകൂറായി രേഖപ്പെടുത്തി. ഇതിലൂടെ മുൻകൂർ വോട്ടിംഗിൽ അഞ്ചാം സ്ഥാനത്താണ് നേപ്പിയൻ. കാൾട്ടണിനെപ്പോലെ, 2021 നെ അപേക്ഷിച്ച് ശ്രദ്ധേയമായ വർദ്ധനവാണ് നേപ്പിയനിലും ഉണ്ടായത്. ഒട്ടാവ സെൻ്റർ ഏകദേശം 32,600 അഡ്വാൻസ് വോട്ടുകൾ നേടി ആദ്യ പത്തിൽ ഇടം നേടി. ലനാർക്ക്-ഫ്രോണ്ടെനാക് 17-ാം സ്ഥാനത്തും കനാറ്റ 29-ാം സ്ഥാനത്തുമാണ്. ഇലക്ഷൻസ് കാനഡയുടെ കണക്കനുസരിച്ച്, നീണ്ട വാരാന്ത്യത്തിൽ 7.3 ദശലക്ഷം കനേഡിയൻമാർ വോട്ട് രേഖപ്പെടുത്തിയതായി കണക്കാക്കപ്പെടുന്നു. ഇത് ഒരു റെക്കോർഡാണ്. 2021 നെ അപേക്ഷിച്ച് 25 ശതമാനം വർദ്ധനവാണിത്.