സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടാന്‍ തീരുമാനിച്ചിരിക്കുന്ന കാനഡയിലെ ഏറ്റവും പഴക്കമുള്ള റീട്ടെയ്ല്‍ സ്ഥാപനങ്ങളിലൊന്നായ ഹഡ്‌സണ്‍സ് ബേ അവസാനമായി കനേഡിയന്‍ ഉപഭോക്താക്കള്‍ക്ക് വിടവാങ്ങല്‍ സന്ദേശം അയച്ചിരിക്കുകയാണ്. 355 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തുടനീളമുള്ള എല്ലാ സ്‌റ്റോറുകളും അടച്ചുപൂട്ടുകയാണെന്ന് ഹഡ്‌സണ്‍സ് ബേ ഔദ്യോഗികമായി അറിയിച്ചു. ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് ഹഡ്‌സണ്‍സ് ബേ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലാണ് കമ്പനി വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. കാനഡ എപ്പോഴും തങ്ങളുടെ കഥയുടെ ഭാഗമായിരിക്കുമെന്നും ഓര്‍മ്മകളില്‍ എന്നുമുണ്ടാകുമെന്നും ഹഡ്‌സണ്‍സ് ബേ കുറിപ്പില്‍ പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിന്റെ ഭാഗമായി കാനഡയിലുടനീളമുള്ള ആറ് പ്രധാന സ്റ്റോറുകള്‍ മാത്രമാണ് നിലനിര്‍ത്തുന്നത്. ഏകദേശം ഒരു ബില്യണ്‍ ഡോളറിന്റെ കടബാധ്യതയിലാണ് കമ്പനിയുള്ളത്. ഇത് അവരെ ലിക്വിഡേഷനിലേക്കും പുന:സംഘടനയിലേക്കും നയിച്ചു. കാനഡയിലെ വ്യാപാര മേഖലയില്‍ ഒരു പ്രധാന സ്ഥാനം വഹിച്ചിരുന്ന കമ്പനിയായിരുന്നു ഹഡ്‌സണ്‍സ് ബേ. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിന്റെ വളര്‍ച്ചയും കോവിഡ് പാന്‍ഡെമിക്കിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതങ്ങളും വിപണിയിലെ കടുത്ത മത്സരവും കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെ സാരമായി ബാധിച്ചു. ഇതിന് പിന്നാലെയാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്.