കനേഡിയൻ സേനയിൽ ഒരു മികച്ച കരിയർ ആഗ്രഹിക്കുന്നത് ഒരു ശതമാനത്തിൽ താഴെ വിദ്യാർത്ഥികൾ മാത്രമെന്ന് സർവേ ഫലങ്ങൾ. കനേഡിയൻ സൈന്യത്തിൽ ഏകദേശം 13,862 പേരുടെ ഒഴിവുകൾ പരിഹരിക്കാൻ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ സർവേ ഫലങ്ങൾ പുറത്തുവന്നത്.
രാജ്യത്തുടനീളമുള്ള 24,000-ത്തിലധികം പോസ്റ്റ്-സെക്കൻഡറി വിദ്യാർത്ഥികളിൽ ആണ് സർവേ നടത്തിയത്. അവരിൽ 188 പേർ, അഥവാ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ബിരുദാനന്തരം സൈനിക ജോലിയെ അവരുടെ ഇഷ്ട കരിയറായി തെരഞ്ഞെടുത്തത്. മൂന്ന് ശതമാനത്തിൽ കൂടുതൽ പേർ, അതായത് 829 പേർ അവർ ഇഷ്ടപ്പെടുന്ന മൂന്ന് മുതൽ അഞ്ച് വരെയുള്ള കരിയറുകളിൽ ഒന്നായി സേനയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഫ്ലിൻ്റ് & സ്റ്റീലുമായി സഹകരിച്ച് ബ്രെയിൻസ്റ്റോം സ്ട്രാറ്റജി ഗ്രൂപ്പ് ഇൻകോർപ്പറേറ്റഡ് ആണ് സർവ്വെ നടത്തിയത്. 2024 മെയ് മുതൽ ജൂലൈ വരെ ഓൺലൈനിലൂടെ നടത്തിയ സർവ്വെയിൽ 24,730 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. സർവകലാശാലകൾ, കോളേജുകൾ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവയുൾപ്പെടെ 200 വ്യത്യസ്ത പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് സർവ്വെയുടെ ഭാഗമായത്. 2024 അവസാനത്തോടെ, കനേഡിയൻ സായുധ സേനയിൽ, 64,461 റെഗുലർ ഫോഴ്‌സ് അംഗങ്ങളും ഏകദേശം 23,177 റിസർവിസ്റ്റുകളും ഉണ്ടായിരുന്നു. 2032 ഓടെ റെഗുലർ ഫോഴ്‌സിൻ്റെ എണ്ണം 71,500വും റിസർവുകളുടെ എണ്ണം 30,000 വും ആക്കാനാണ് സേനയുടെ ലക്ഷ്യം